ബോളിവുഡിലെ ‘മുന്നാഭായ്’, സഞ്ജയ് ദത്ത്, ലക്നൌവില്‍ ബുധനാഴ്ച തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. ഭാര്യ മന്യതയും സമാജ്‌വാദി പാര്‍ട്ടി സെക്രട്ടറി അമര്‍സിംഗും പ്രചാരണ പരിപാടിയില്‍ സഞ്ജുവിനൊടൊപ്പം ഉണ്ട്.
പിതാവ് സുനില്‍ ദത്ത് ആകാശവാണിയില്‍ ജോലിനോക്കുമ്പോള്‍ താമസിച്ചിരുന്ന ജോപ്‌ലിംഗ് റോഡിലെ ക്യാപ്റ്റന്‍ റിസ്‌വിയുടെ വീട് ആദ്യം സന്ദര്‍ശിക്കണമെന്നായിരുന്നു സഞ്ജയ് ദത്തിന്‍റെ ആഗ്രഹം. ഈ വീട്ടുകാരോടൊപ്പമായിരുന്നു സുനില്‍ ദത്ത് 1951 വരെയുള്ള നാല് വര്‍ഷങ്ങള്‍ ചെലവിട്ടത്.
അമിനാബാദിലെ ഇടുങ്ങിയ തെരുവിന് ചുറ്റും വെള്ളിത്തിരയിലെ മുന്നാഭായിയെ അടുത്ത് കാണാനായി തടിച്ചു കൂട്ടിയ ജനക്കൂട്ടം തിരക്ക് കൂട്ടിയതു കാരണം വീടിനുള്ളിലേക്ക് കടക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. സുരക്ഷാ കാരണങ്ങളാല്‍, വീട് സന്ദര്‍ശിക്കാന്‍ കഴിയാതിരുന്ന മുന്നാഭായ് മറ്റൊരു ദിവസം വീണ്ടും സന്ദര്‍ശനം നടത്തിയേക്കാമെന്ന് പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൌധരി പറഞ്ഞു.
ക്യാപ്റ്റന്‍ റിസ്‌വിയുടെ കുടുംബാഗങ്ങളുമായി ജോപ്‌ലിംഗ് റോഡില്‍ വച്ച് മുന്നാഭായി കണ്ടുമുട്ടിയപ്പോള്‍ റോസാ പുഷ്പദളങ്ങള്‍ ചൊരിഞ്ഞായിരുന്നു അണികളുടെയും ആരാധാകരുടെയും ആവേശപ്രകടനം. മന്യതയെ മരുമകള്‍ എന്ന് വിളിച്ച് എതിരേറ്റ ക്യാപ്റ്റന്‍റെ കുടുംബം അവര്‍ക്ക് ഹിന്ദു ആചാരപ്രകാരം പണം സമ്മാനമായി നല്‍കുകയും ചെയ്തു.
പിതാവ് മനോഹരങ്ങളായ കുറേ വര്‍ഷങ്ങള്‍ ഒപ്പം ചെലവഴിച്ച കുടുംബത്തെ കണ്ടതില്‍ സന്തോഷമുണ്ട് എന്ന് സഞ്ജയ് ദത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.