മുംബൈ: തീപിടുത്തത്തില്‍ 9 മരണം

ചൊവ്വ, 18 മാര്‍ച്ച് 2008 (09:24 IST)
മധ്യ മുംബൈയിലെ ഒരു ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ 60 പേര്‍ക്ക് പരുക്ക് പറ്റിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റിതിവാല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്‍റെ മൂന്നാം നിലയില്‍ ഉച്ചതിരിഞ്ഞ് 3:30 ന് ആണ് തീപിടുത്തം ഉണ്ടായത്. പെട്ടെന്ന് പടര്‍ന്ന് പിടിച്ച തീ ആളപായം ഉണ്ടാക്കുകയായിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഒരു കെമിക്കല്‍ പ്ലാന്‍റില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു.

കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കാനും തീയണയ്ക്കാനുമായി 12 ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്ത് എത്തിയത്. ഏകദേശം മൂന്നര മണിക്കൂര്‍ നീണ്ട് നിന്ന ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്.

എന്നാല്‍, അഗ്നിശമന സേനാംഗങ്ങള്‍ അരമണിക്കൂര്‍ താമസിച്ചാണ് സ്ഥലത്ത് എത്തിയതെന്നും മുകളിലത്തെ നിലകളില്‍ നിന്ന് താഴേക്ക് ചാടിയവരെ താഴെ നിന്നവര്‍ കൈകളില്‍ പിടിച്ചാണ് രക്ഷപെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക