മുംബൈ കൂട്ട ബലാത്സംഗകേസ് : അതിവേഗ കോടതി സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി
തിങ്കള്‍, 26 ഓഗസ്റ്റ് 2013 (17:56 IST)
PRO
PRO
മുംബൈ കൂട്ട ബലാത്സംഗകേസ് വിചാരണ ചെയ്യുന്നതിന് അതിവേഗ കോടതി സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.
ലോക്സഭയിലാണ് ഷിന്‍ഡെ ഇക്കാര്യമറിയിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി പോലീസ് ശേഖരിച്ചു കഴിഞ്ഞു. കേസിലെ എല്ലാ പ്രതികളെയും പിടികൂടിയതായും അദ്ദേഹം അറിയിച്ചു.
അതേസമയം, ബലാത്സംഗക്കേസുകളിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന അസറാം ബാപ്പുവിന്റെ കാര്യം ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവും സഭയില്‍ ഉന്നയിച്ചു.
എന്നാല്‍ ഈ കേസ് സംസ്ഥാനത്തിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും കേസിന്റെ പ്രാഥമിക വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഷിന്‍ഡെ മറുപടി പറഞ്ഞു.