മികച്ച നടനുള്ള ദേശീയപുരസ്കാരവും വിനായകന്? എതിരാളികള്‍ ആമിര്‍ഖാനും എസ് ജെ സൂര്യയും!

വ്യാഴം, 16 മാര്‍ച്ച് 2017 (18:43 IST)
മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് വിനായകന് സാധ്യതയേറുന്നു. മലയാളത്തില്‍ നിന്ന് പത്ത് സിനിമകളാണ് പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറി വിലയിരുത്തുന്നത്. മികച്ച നടനാകാനുള്ള അന്തിമ പട്ടികയിലേക്കാണ് വിനായകനും നടന്നടുക്കുന്നത്.
 
കമ്മട്ടിപ്പാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കിയ വിനായകന്‍ ഇത്തവണ ദേശീയ തലത്തിലും മികച്ച നടനാകാനുള്ള സാധ്യത ഏറെയാണ്. ആര്‍ എസ് വിമല്‍ അംഗമായ പ്രാദേശിക ജൂറിയാണ് മത്സരിക്കേണ്ട മലയാള സിനിമകളെ നിര്‍ദ്ദേശിച്ചത്.
 
തമിഴ്, ഹിന്ദി, മറാത്തി സിനിമകളില്‍ നിന്നുള്ള ശക്തമായ മത്സരം മികച്ച നടനാകാന്‍ വിനായകന് നേരിടേണ്ടിവരും. എങ്കിലും അവസാനവിജയം വിനായകനാവണമെന്ന് കേരളം മുഴുവന്‍ ആഗ്രഹിക്കുന്നുണ്ട്. വിനായകന്‍ അത് നേടിയെടുക്കും എന്നുതന്നെയാണ് പ്രതീക്ഷയും.
 
അടുത്തകാലത്ത് മലയാളത്തില്‍ നിന്ന് ദേശീയതലത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍‌മാര്‍ സലിംകുമാറും സുരാജ് വെഞ്ഞാറമ്മൂടുമാണ്. ജയസൂര്യയ്ക്ക് കഴിഞ്ഞ വര്‍ഷം പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.
 
ദംഗല്‍ എന്ന ചിത്രത്തിലൂടെ ആമിര്‍ഖാനും ഇരൈവിയിലൂടെ എസ് ജെ സൂര്യയും വിനായകന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെബ്ദുനിയ വായിക്കുക