മാവോയിസ്റ്റ് നേതാവ് അരവിന്ദ് ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു: മരണം വിമതഗ്രൂപ്പുമായുള്ള ഏറ്റുമുട്ടലില്‍
വ്യാഴം, 28 മാര്‍ച്ച് 2013 (13:35 IST)
PRO
PRO
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പ്രമുഖ മാവോയിസ്റ്റ് നേതാവ് അരവിന്ദ് ഉള്‍പ്പെടെ പ്രമുഖര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. സിപിഐ(മാവോയിസ്റ്റ്)ഉം വിമത ഗ്രൂപ്പായ ത്രിഥിയോ പ്രസ്ഥിതി കമ്മിറ്റി(ടിപിസി)ഉം തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. കഴിഞ്ഞ 13 ന് ടിപിസി നേതാക്കളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരമായാണ് ടിപിസി നേതൃത്വം ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് നേതാവ് അരവിന്ദിനെ കൂടാതെ പ്രമുഖ നേതാക്കളായ പ്രഫുല്ല യാദവ്, ലാവ്‌ലേഷ് യാദവ്, ധര്‍മേന്ദ്ര യാദവ്, ജയ്കുമാര്‍ യാദവ് തുടങ്ങിയവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2002-ല്‍ മാവോയിസ്റ്റ് ഗ്രൂപ്പുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്നാണ് ത്രിഥിയോ പ്രസ്ഥിതി കമ്മിറ്റി രൂപം കൊണ്ടത്. മാവോയിസ്റ്റ് ഗ്രൂപ്പില്‍ യാദവന്മാരുടെ ആധിപത്യമാണെന്നാണ് വിമതരുടെ വിമര്‍ശം. വിമതഗ്രൂപ്പില്‍ ആദിവാസി വിഭാഗങ്ങളായ മുണ്ട, ഒറാവോണ്‍, ഭോക്ത എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ മൃതദേഹത്തില്‍ ശസ്ത്രക്രിയ നടത്തി ബോംബുകള്‍ നിക്ഷേപിച്ച സംഭവത്തിന്റെ സൂത്രധാരനാണ് അരവിന്ദ്. അന്നുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു മലയാളി അടക്കം 11 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.