മലയാളി പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

തിങ്കള്‍, 29 ഏപ്രില്‍ 2013 (17:58 IST)
PRO
PRO
ചെന്നൈയില്‍ മലയാളി പെണ്‍കുട്ടിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. നെടുമങ്ങാട് പുലിപ്പാറ കമലാലയത്തില്‍ ഭുവനചന്ദ്രന്‍ നായരുടെയും അംബികാ ദേവിയുടെയും മകളായ ജീവ ബി നായരുടെ (23) മരണം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ചെന്നൈയിലെ പള്ളിക്കരണൈയിലെ ഫ്ളാറ്റില്‍ ആണ് ജീവയെ ദുരൂഹസാഹചര്യത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ബാംഗ്ലൂരിലെ ടാറ്റാ കണ്‍സല്‍ട്ടിംഗ് സര്‍വീസ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ജീവ. ചെന്നൈ പോരൂരില്‍ സോഫ്ട്‌വെയര്‍ കമ്പനി ജീവനക്കാരനായ രാഹുല്‍ എന്നയാളുമായി പെണ്‍കുട്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി രാഹുല്‍ ജീവയില്‍ നിന്ന് അകലുകയായിരുന്നു എന്നും ഇതേക്കുറിച്ച് സംസാരിക്കാന്‍ പെണ്‍കുട്ടി ചെന്നൈയില്‍ എത്തുകയായിരുന്നു എന്നുമാണ് വിവരം. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പെട്രോള്‍ വാങ്ങി രാഹുല്‍ താമസിക്കുന്ന ഫ്ളാറ്റിലെത്തിയ ജീവ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

രാഹുല്‍ ജീവയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക