'മരിച്ച’ കള്ളനെ 6 വര്‍ഷത്തിന് ശേഷം പിടികൂടി!

വെള്ളി, 20 ഏപ്രില്‍ 2012 (18:09 IST)
PRO
PRO
മരിച്ചതായി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് മുങ്ങിനടന്ന കള്ളനെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പൊക്കി. കാലു റാം എന്ന 55-കാരനാണ് ജയ്പൂരിലെ അജ്മേരി ഗേറ്റിന് സമീപത്ത് വച്ച് വ്യാഴാഴ്ച അറസ്റ്റിലായത്.

നിരവധി കേസുകളില്‍ പ്രതിയായ കാലു റാമിനെതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടായിരുന്നു. 2006-ല്‍ പിടിയിലായ ഇയാള്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. അറസ്റ്റ് ഒഴിവാക്കാനായി 2011 ഏപ്രില്‍ 27-ന് കാലു റാമിന്റെ കുടുംബം ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് പൊലീസിന് കൈമാറി. ഇതോടെ ഇയാള്‍ക്കെതിരായ കേസുകളെല്ലാം പൊലീസ് അവസാനിപ്പിച്ചു.

എന്നാല്‍ പിന്നീട് കഥ മാറുകയായിരുന്നു. അജ്മേരിയില്‍ ബലൂണ്‍ കച്ചവടം നടത്തി ജീവിക്കുകയായിരുന്ന കാലു റാം തന്റെ ഭൂതകാലം ചില സുഹൃത്തുക്കളോട് പങ്കുവച്ചു. ഈ വിവരങ്ങള്‍ അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കാലുറാമിനെ കയ്യോടെ പിടികൂടുകയും ചെയ്തു.

പ്രദേശിക കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വെബ്ദുനിയ വായിക്കുക