മരണപ്പെട്ട അമ്മയുടെ ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ആ എട്ടു വയസ്സുകാരന്‍ ചെയ്തത്! കണ്ണീരണിഞ്ഞ് കോടതി

വെള്ളി, 18 ഓഗസ്റ്റ് 2017 (14:51 IST)
കാര്‍ഷിക, വിദ്യാഭ്യാസ, ഭവന ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്നും വയ്പയെടുക്കുന്നവരില്‍ പലര്‍ക്കും അത് തിരിച്ചടക്കാന്‍ കഴിയാതെ വരുന്നതും ഇതേതുടര്‍ന്ന് ആത്മഹത്യകള്‍ പതിവാകുന്നതും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച അമ്മ ബാങ്കില്‍ നിന്നും എടുത്ത വായ്പ അടക്കാന്‍ എട്ടു വയസ്സുകാരന്‍ ചെയ്തത് കണ്ട് കോടതി കണ്ണീരണിഞ്ഞു.
 
ബിഹാറിലെ ബെഗുസരയ് ജില്ലയിലുള്ള ലോക് അദാലത്തില്‍ ആണ് സംഭവം. ഒരപകടത്തില്‍ മരണപ്പെടുന്നതിനു മുമ്പ് യുവതി ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍, തിരിച്ചടക്കാന്‍ യുവതിക്കായില്ല. ഇത് തിരിച്ചടക്കാന്‍ എത്തിയതായിരുന്നു എട്ടുവയസുകാരന്‍ സുധീര്‍ കുമാര്‍‍. വായ്പ അടയ്ക്കണമെന്ന ബാങ്ക് നിര്‍ദ്ദേശം പാലിക്കാന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ തുകയുമായി എത്തിയ ബാലനെ കണ്ട് ജഡ്ജി പോലും കണ്ണീരണിഞ്ഞു. ബാലന്റെ പ്രായവും പ്രതിബദ്ധതയും കണക്കിലെടുത്ത് യുവതിയുടെ വായ്പ് ജഡ്ജ് എഴുതിത്തള്ളി.
 
2006ലാണ് സുധീര്‍ കുമാറിന്റെ അമ്മ അനിറ്റ ദേവി ചെറുകിട വ്യവസായമാരംഭിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 21,000 രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ കൃത്യസമയത്ത് അടച്ചുതീര്‍ക്കാന്‍ അവര്‍ക്കായില്ല. 2008ലാണ് സുധീര്‍ ജനിക്കുന്നത്. 2012ല്‍ സുധീറിന്റെ അമ്മ ഒരപകടത്തില്‍ മരിച്ചിരുന്നു. ഇതോടെ അച്ഛന്‍ സുനില്‍ നാടുവിട്ടു. ഇതിനിടെയാണ് പത്ത് വര്‍ഷം മുമ്പ് സുധീറിന്റെ അമ്മയെടുത്ത വായ്പ തിരിച്ചടക്കണമെന്ന് ബാങ്കുകാര്‍ ആവശ്യപ്പെട്ടത്.
 
അച്ഛനും അമ്മയും ഇല്ലാത്ത സുധീര്‍ ബന്ധുവീടുകളിലാണ് താമസിക്കുന്നത്. സംഭവമറിഞ്ഞ് ഗ്രാമീണരും ബന്ധുക്കളും ചേര്‍ന്ന് വായ്പ അടക്കാന്‍ ആദ്യഗഡുവായി 5,000 രൂപ സ്വരുകൂട്ടി സുധീറിന് നല്‍കി. ഈ തുകയാണ് സുധീര്‍ തിരിച്ചടക്കാനായി കൊണ്ടുവന്നത്. മരണപ്പെട്ട അമ്മയുടെ ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ കോടതിയിലെത്തിയ ബാലന്റെ പ്രതിബദ്ധതയെ മാനിക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടതായി ഗ്രാമീണര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍