മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള പൌരോഹിത്യ നടപടികള്‍ വേഗത്തിലാക്കാന്‍ പോപ്പ് ബനഡിക്ട് പതിനാറാമന്‍ തയ്യാറായേക്കില്ല എന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ മുന്‍ അധ്യക്ഷ സിസ്റ്റര്‍ നിര്‍മ്മല. വിശുദ്ധയാക്കി പ്രഖ്യാപിക്കുന്നതിന് വേണ്ടി മദറിന്റെ രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തി ശരിയായ രീതിയില്‍ വിശകലനം ചെയ്യുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി.
മദര്‍ തെരേസയെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ അത്ഭുതം പരിശോധിക്കേണ്ടത് ആവശ്യമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിസ്റ്റര്‍. മദര്‍ തെരേസയ്ക്ക് ശേഷം മിഷനറീസ് ഓഫ് ചാരിറ്റിയുടെ മദര്‍ സുപ്പീരിയറായത് സിസ്റ്റര്‍ നിര്‍മ്മലയായിരുന്നു.
റോമന്‍ കത്തോലിക്ക നിയമം അനുസരിച്ച് ഒരാളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തണമെങ്കില്‍ ആ ആള്‍ മരിച്ചശേഷം രോഗശാന്തിയുമായി ബന്ധപ്പെട്ട ഒരു അത്ഭുത പ്രവര്‍ത്തിയെങ്കിലും അയാളുടെ പേരില്‍ ഉണ്ടായിരിക്കണം. വാഴ്ത്തപ്പെട്ടതിനു ശേഷവും ഒരു അത്ഭുത പ്രവര്‍ത്തി നടന്നെങ്കില്‍ മാത്രമേ വിശുദ്ധ പദവിയില്‍ എത്താന്‍ സാധിക്കുകയുള്ളൂ.
ഒരാളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ഒരു പക്ഷേ നൂറ്റാണ്ടുകള്‍ തന്നെ എടുത്തേക്കാമെന്നിരിക്കെ, മദര്‍ തെരേസയുടെ മരണാനന്തരം അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതിന് ജോണ്‍ പോള്‍ രണ്ടാമന് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. ബംഗാളില്‍ നിന്നുള്ള മോണിക്ക ബെര്‍സ എന്ന സ്ത്രീ തനിക്കുണ്ടായിരുന്ന ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയില്‍ ഭേദപ്പെടുത്താന്‍ സാധിച്ചു എന്ന അവകാശവാദത്തെ തുടര്‍ന്നായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
നിരീശ്വരവാദികള്‍ ബെര്‍സയുടെ അവകാശവാദം തെറ്റാണെന്ന് വാദിക്കുകയും കത്തോലിക്ക സഭയുടെ ഒരു വിഭാഗം മദറിനെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതിനെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതിനാല്‍, രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തിയെ കുറിച്ച് വിശദമായി പഠിച്ച് വിവാദങ്ങളുടെ കരിനിഴല്‍ പതിക്കാതെ മദറിനെ വിശുദ്ധയാക്കി പ്രഖ്യാപിക്കാനാണ് വത്തിക്കാന്റെ ശ്രമം.
(ഫോട്ടോക്ക് കടപ്പാട് - ബേണ്‍സ് ആന്‍ഡ് നോബിള്‍സ്/Barnes and Nobles)