ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (11:27 IST)
PRO
PRO
ഖലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ സിംഗ് ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. ഭുള്ളറുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ വന്ന കാലതാമസവും മാനസിക നില തകരാറിലാണെന്ന വാദവും പരിഗണിച്ചാണ് പുതിയ വിധി‍. ഭുള്ളറുടെ ശിക്ഷയില്‍ ഇളവ് നല്‍കുന്നതിനെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തിരുന്നില്ല. ദയാഹര്‍ജി പരിഗണിക്കുന്നത് അനിശ്ചിതമായി നീണ്ടാല്‍ കുറ്റവാളിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി നടത്തിയ നിര്‍ണായക വിധിയുടെ ചുവടുപിടിച്ചാണ് ഭുള്ളറുടെ കുടുംബം കോടതിയെ സമീപിച്ചത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ രാജീവ് ഗാന്ധി വധക്കേസ് ഉള്‍പ്പെടെ പ്രമാദമായ പല കേസുകളിലും കുറ്റവാളികള്‍ ശിക്ഷയില്‍ ഇളവ് നേടിയിരുന്നു്

1993 ല്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭുള്ളര്‍ 2003ല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും എട്ട് വര്‍ഷത്തിനു ശേഷം അപേക്ഷ നിരസിക്കുകയായിരുന്നു. ദയാഹര്‍ജി വൈകിയതിനാലും മനോരോഗിയായതിയാലും ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കാണിച്ച് ഭുള്ളറുടെ കുടുംബം ജനുവരിയിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പഞ്ചാബ് സ്വദേശിയായ ഭുള്ളര്‍ ലുധിയാന എന്‍ജിനീയറിംഗ് കോളജ് പ്രഫസറായിരിക്കേയാണ് ഡല്‍ഹി സ്‌ഫോടനക്കേസില്‍ ടാഡ നിയമപ്രകാരം അറസ്റ്റിലാകുന്നത്. 1993 സെപ്തംബര്‍ 11ന് റെയ്‌സീന റോഡില്‍ നടന്ന സ്‌ഫോടനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മനീന്ദര്‍ സിംഗ് ബിട്ട ഉള്‍പ്പെടെ ഒന്‍പതു പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് രാഷ്ട്രീയ അഭയം തേടി ജര്‍മനിയിലേക്ക് കടന്ന ഭുള്ളറുടെ അപേക്ഷ ജര്‍മ്മനി നിരസിച്ചതിനെ തുടര്‍ന്ന് 1995ല്‍ ഇന്ത്യയിലേക്ക് തിരിച്ചുപോരേണ്ടിവന്നു. അറസ്റ്റിലായ ഭുള്ളറെ 2001ല്‍ വധശിക്ഷയ്ക്ക് വിധിച്ചു.