ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതില്‍ പാകിസ്ഥാന്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകും!

ബുധന്‍, 26 ഒക്‌ടോബര്‍ 2016 (17:11 IST)
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതില്‍ പാകിസ്ഥാന്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ക്വറ്റ പൊലീസ് പരിശീലന കേന്ദ്രത്തിലെ ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വെങ്കയ്യ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ദേശീയനയം പാകിസ്ഥാന്‍ മാറ്റിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് അവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുകയുള്ളൂ എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 
 
അയല്‍ക്കാരുമായെല്ലാം നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്ഥാനുമായി അതിന് സാധിക്കണമെങ്കില്‍ അവര്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നയം മാറ്റണം. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് ദേശീയ നയമായി സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്ന് പാകിസ്ഥാന്‍ മനസിലാക്കണം - വെങ്കയ്യ നായിഡു വ്യക്തമാക്കി.
 
ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചാല്‍ പിന്നീടെന്നെങ്കിലും അതേ ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളായി നിങ്ങള്‍ മാറുമെന്നും പാകിസ്ഥാന് ഇക്കാര്യം ഇപ്പോള്‍ മനസിലായിക്കാണുമെന്നാണ് കരുതുന്നതെന്നും വെങ്കയ്യ പറഞ്ഞു. ഇതോടെ പാകിസ്ഥാനിലെ എല്ലാ ഭീകരപരിശീലന കേന്ദ്രങ്ങളും വേരോടെ പിഴുതെറിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
 
ക്വറ്റ പൊലീസ് പരിശീലന കേന്ദ്രത്തിലെ ഭീകരാക്രമണത്തില്‍ 61 പേരാണ് കൊല്ലപ്പെട്ടത്.

വെബ്ദുനിയ വായിക്കുക