നിര്‍മ്മാണത്തിലിരുന്ന അഞ്ചുനിലക്കെട്ടിടം തകര്‍ന്നു വീണ് ബെല്ലാരിയില്‍ നാലു പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുപതോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
അപകടത്തില്‍ നിന്ന് രക്ഷപെട്ട ഒരു തൊഴിലാളി പറഞ്ഞത് 20 പേരെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ്. സഹായം അഭ്യര്‍ത്ഥിച്ചുള്ള നിലവിളികള്‍ പുറത്ത് കേള്‍ക്കാമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മരിച്ചവരില്‍ രുദ്രഗൌഡ എന്ന വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നു. സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരനാണ് രുദ്രഗൌഡ.
കെട്ടിട നിര്‍മ്മാണത്തിന്‍റെ ചുമതലയുള്ള രണ്ട് എഞ്ചിനീയര്‍മാരെ ബെല്ലാരി സിറ്റി കോര്‍പറേഷന്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും ബാംഗ്ലൂരിലെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് ആര്‍മി സെന്‍ററില്‍ നിന്നുള്ളവരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി സ്ഥലം സന്ദര്‍ശിച്ച റവന്യുമന്ത്രി ജി കരുണാകര റെഡ്ഡി അറിയിച്ചു.