ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ മൗറീഷ്യസ് പ്രസിഡന്റ് രാജ്‌കേശ്വര്‍ പുര്യാഗ് തന്റെ പൈതൃക ഗ്രാമമായ ബിഹാറിലെ വാജിദ്പൂരിലെത്തി. തന്റെ പൂര്‍വ്വികരെക്കുറിച്ച് വാചാലനായ അദ്ദേഹം നിരവധി തവണ വികാരാധീനനായി പൊട്ടിക്കരയുകയും ചെയ്തു. ബിഹാറിയായതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും അദ്ദേഹം പറഞ്ഞു.
150 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പൂര്‍വ്വികര്‍ മൌറീഷ്യസ് എന്ന ഒറ്റപ്പെട്ട ദ്വീപിലേക്ക് ചേക്കേറിയെങ്കിലും ബിഹാറും ഇന്ത്യയുടെ അവരുടെ മാനസ്സില്‍ തന്നെയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വാജിദ്പൂര്‍ ഗ്രാമത്തില്‍ ഇപ്പോഴുള്ള പുര്യാഗിന്റെ ബന്ധുക്കള്‍ അദ്ദേഹത്തില്‍ നിന്ന് അനുഗ്രഹം തേടി. ഗ്രാമത്തിലെ ഒരു പിടി മണ്ണും നെല്‍ക്കതിരും മുണ്ടും ഒരു വെള്ളിക്കൂടയിലാക്കി അവര്‍ അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു.
25 വര്‍ഷമായി തന്റെ കുടുംബവേരുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പുര്യാഗ്. അദ്ദേഹത്തിന്റെ ഭാര്യ അനീതാ പുര്യാഗും വിവിധ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.