ബിലാവല്‍ കൂട്ടുകാരന്‍, രാഹുല്‍ പാകിസ്ഥാനിലേക്ക്!

തിങ്കള്‍, 9 ഏപ്രില്‍ 2012 (16:33 IST)
PTI
ബിലാവല്‍ വിളിച്ചു, രാഹുല്‍ ഗാന്ധി പാകിസ്ഥാനിലെത്തും. ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. രാഹുലിന്‍റെ സന്ദര്‍ശനം സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് ഔദ്യോഗികമായി അറിയിക്കും.

പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്കൊപ്പമാണ് മകന്‍ ബിലാവല്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. സൌഹാര്‍ദ്ദപൂര്‍ണമായ സ്വീകരണമാണ് ഇന്ത്യ ഇരു നേതാക്കള്‍ക്കും നല്‍കിയത്. ഇരുവര്‍ക്കും ഇന്ത്യയിലെ വിവിധ ദേശങ്ങളുടെ വിഭവങ്ങള്‍ നല്‍കി സല്‍ക്കരിക്കുകയും ചെയ്തു.

ബിലാവലും രാഹുല്‍ ഗാന്ധിയും തമ്മില്‍ ചര്‍ച്ച നടന്നു. ഇരു രാജ്യങ്ങളുടെയും യുവ രാഷ്ട്രീയ മുഖങ്ങളുടെ ആദ്യ ഒത്തുചേരലായിരുന്നു ഇത്.

പ്രധാനമന്ത്രിയുടെ വസതിയിലാണ് രാഹുലും ബിലാവലും കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്‍റെ ക്ഷണമനുസരിച്ച് ബിലാവല്‍ വീണ്ടും ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക