ബലാത്സംഗ പട്ടികയില്‍ മധ്യപ്രദേശ് മുന്നില്‍

ബുധന്‍, 29 ജൂലൈ 2009 (12:51 IST)
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2007 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മധ്യപ്രദേശില്‍ നിന്ന്. പശ്ചിമ ബംഗാളും ഉത്തര്‍പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് മൊത്തം 641 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് 598 ബലാത്സംഗ കേസുകളാണ് 2007 ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

മധ്യപ്രദേശില്‍ 3,010 ഉം പശ്ചിമ ബംഗാളില്‍ 2,106 ഉം യുപിയില്‍ 1,648 ഉം ബീഹാറില്‍ 1,555 ഉം ബലാത്സംഗ കേസുകളാണ് 2007 ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, അസ്സം ഒഴികെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം കേസുകള്‍ കുറവാണ്. അസ്സമില്‍ 1,555 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാഗാലാന്‍ഡിലാണ് ഏറ്റവും കുറവ് ബലാത്സംഗം നടന്നത്, 13 എണ്ണം. മണിപ്പൂരില്‍ 20 ഉം സിക്കിമില്‍ 48 ഉം അരുണാചല്പ്രദേശില്‍ 48 ഉം മേഘാലയയില്‍ 82 ഉം മിസോറമില്‍ 83 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 1,070 കേസുകളുമായി ആന്ധ്രപ്രദേശാണ് മുമ്പില്‍. തമിഴ്നാട്ടില്‍ 523 ഉം കേരളത്തില്‍ 512 ഉം കര്‍ണാടകയില്‍ 436 ഉം ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ 1,451, ഒറീസ്സയില്‍ 939, പഞ്ചാബില്‍ 519 എന്നിങ്ങനെയാണ് 2007 ല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത 20,737 കേസുകളില്‍ 25,363 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 5,022 പേര്‍ക്ക് 2007 ല്‍ ശിക്ഷ നല്‍കി. 2006 ല്‍ മൊത്തം 19,348 ബലാത്സംഗ കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ 23,792 പേരെ അറസ്റ്റ് ചെയ്യുകയും 5,310 പേര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക