ബലാത്സംഗം: എംഎല്‍എയ്ക്ക് സസ്പെന്‍ഷന്‍

ശനി, 26 ഫെബ്രുവരി 2011 (13:28 IST)
PRO
കൂട്ടബലാത്സംഗ കേസില്‍ ആരോപണവിധേയനായ മഹാരാഷ്‌ട്ര എന്‍സിപി എംഎല്‍എയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു‍. 22കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ദിലീപ് വാഗിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ജല്‍ഗാവ് ജില്ലയിലെ പചോരയില്‍ നിന്നുള്ള നിയമസഭാംഗമാണ് വാഗ്.

നാസിക്കിലെ സര്‍ക്കാര്‍ ഗസ്റ്റ്‌ഹൌസില്‍ വച്ച് തന്നെ എംഎല്‍എ പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം നടന്നത്. ജോലി വാഗ്ദാനം ചെയ്താണ് തന്നെ ഗസ്റ്റ്‌ഹൌസിലേക്ക് വിളിച്ച് വരുത്തിയതെന്നും പരാതിയിലുണ്ട്.

വാഗും അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് രാജേന്ദ്ര മാലിയും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പരാതി നല്‍കരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിക്കുന്നു. സംഭവം നടന്ന് നാലു ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി സര്‍കര്‍വഡാ പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

എന്നാല്‍, പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നാണ് വാഗ് പറഞ്ഞത്. രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം ഒരു ആരോപണം ഉയര്‍ന്നതെന്നും അദ്ദേഹം വാദിച്ചു.

കേസിനെക്കുറിച്ച് വിശദമായ ഒരു അന്വേഷണം നടത്താന്‍ എന്‍സിപി തീരുമാനിച്ചതായി പാര്‍ട്ടി വക്താവ് അറിയിച്ചു. സംസ്ഥാനത്തെ ഭരണപക്ഷ സഖ്യകക്ഷികളില്‍ ഒന്നാണ് എന്‍സിപി.

വെബ്ദുനിയ വായിക്കുക