ബന്ദിയാക്കിയ ഇന്ത്യന്‍ തൊഴിലാളിയെ വധിച്ചു

തിങ്കള്‍, 9 ഫെബ്രുവരി 2009 (17:23 IST)
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ബന്ദിയാക്കിയിരുന്ന ഇന്ത്യന്‍ തൊഴിലാളി സൈമണ്‍ പരമനാഥനെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹെറാത്ത് പ്രവിശ്യയില്‍ ജോലിനോക്കിയിരുന്ന പരമനാഥനെ കഴിഞ്ഞ ഒക്ടോബറിലാണ് താലിബാന്‍ ബന്ദിയാക്കിയത്.

പരമനാഥന്‍ ജിവിച്ചിരിപ്പില്ല എന്ന് അഫ്ഗാന്‍ അന്വേഷണ ഏജന്‍സികള്‍ അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയില്‍ വിവരം നല്‍കിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇയാളുടെ മൃതശരീരം അഫ്ഗാന്‍ അധികൃതര്‍ക്ക് ലഭിച്ചോ എന്ന് വ്യക്തമല്ല.

എന്നാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് പരമനാഥന്‍റെ മരണത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് വ്യക്തമല്ല. തിങ്കളാഴ്ചയാണ് ഇന്ത്യന്‍ അധികൃതര്‍ തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയായ പരമനാഥന്‍റെ കുടുംബത്തെ മരണവിവരം അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

50,000 അമേരിക്കന്‍ ഡോളറാണ് പരമനാഥനെ മോചിപ്പിക്കാനായി ഭീകരര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, തങ്ങള്‍ക്ക് പണമില്ല എന്നും ഭര്‍ത്താവിനെ മോചിപ്പിക്കന്‍ സഹായിക്കണമെന്നും പരമനാഥന്‍റെ ഭാര്യ സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മസ്കറ്റില്‍ ജോലിനോക്കിയിരുന്ന സൈമണ്‍ പരമനാഥന്‍ 2007 ല്‍ ആണ് അഫ്ഗാനിലെത്തിയത്. അഫ്ഗാനില്‍ ഒരു ഇറ്റാലിയന്‍ കമ്പനിയില്‍ ജോലിനോക്കിയിരുന്ന ഇയാളെ മോചിപ്പിക്കണമെങ്കില്‍ ഡിസംബറിന് മുമ്പ് പണം നല്‍കണമെന്നായിരുന്നു ഭീകരര്‍ ആവശ്യപ്പെട്ടിരുന്നത്.

വെബ്ദുനിയ വായിക്കുക