ബജറ്റ്: വീട്ടുവേലക്കാര്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌

വ്യാഴം, 28 ഫെബ്രുവരി 2013 (13:57 IST)
PTI
വീട്ടുവേലക്കാര്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ ഏര്‍പ്പെടുത്തുമെന്ന് പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ട് പി ചിദംബരം അറിയിച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായി 3511 കോടി രൂപ വകയിരുത്തി. ആരോഗ്യരംഗത്തെ ഗവേഷണ വികസനത്തിനായി 4727 കോടി രൂപ മാറ്റിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക്‌ 13215 കോടി രൂപ അനുവദിച്ചു.

കേരളത്തിലെ നാളികേര കൃഷിക്ക്‌ 75 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന്‌ 41000 കോടി രൂപ വകയിരുത്തി. ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിന്‌ 28500 കോടി രൂപ അനുവദിച്ചു.

വികലാംഗക്ഷേമത്തിനായി വിവിധ പദ്ധതികള്‍ക്ക്‌ 110 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ആരോഗ്യപദ്ധതിക്ക്‌ 33000 കോടി രൂപ അനുവദിച്ചു. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക്‌ 27257 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസമന്ത്രാലയത്തിന്‌ 65000 കോടി രൂപയും ശിശുക്ഷേമമന്ത്രാലയത്തിന്‌ 17700 കോടി രൂപയും കാര്‍ഷികമന്ത്രാലയത്തിന്‌ 27049 കോടി രൂപയും നീക്കിവച്ചു.

ജലശുദ്ധീകരണത്തിന്‌ 1400 കോടി രൂപ വകയിരുത്തി. കാര്‍ഷിക ഗവേഷണത്തിന്‌ 3400 കോടി രൂപയും കാര്‍ഷികകടാശ്വാസ പദ്ധതികള്‍ക്കായി 70000 കോടി രൂപയും അനുവദിച്ചു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന്‌ 1000 കോടി രൂപ മാറ്റിവച്ചു.

വെബ്ദുനിയ വായിക്കുക