ബച്ചന്റെ വസതിയില്‍ കയറിയ അജ്ഞാതനെ അറസ്റ്റ് ചെയ്തു

തിങ്കള്‍, 23 ജൂലൈ 2012 (09:03 IST)
PRO
PRO
അമിതാഭ്‌ ബച്ചന്റെ ജൂഹുവിലെ വസതിയായ ജല്‍സയില്‍ അജ്‌ഞാതന്‍ അതിക്രമിച്ചു കയറി. ബച്ചന്‍ തന്നെയാണ് ബ്ലോഗിലൂടെ ഇക്കാര്യം അറിയിച്ചത്. ദിലീപ് കേവാട് എന്നൊരാളാണ് വസതിയില്‍ കയറിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബച്ചന്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. എല്ലാ സുരക്ഷാ സംവിധാനങ്ങളും ലംഘിച്ച്‌, വസതിയുടെ ഏറ്റവും സുപ്രധാന ഭാഗത്ത് അക്രമി കയറുകയായിരുന്നു. ഇയാളെ കണ്ടാല്‍ ഒരു പ്രൊഫഷണലിനെ പോലെ തോന്നുന്നുണ്ട്. അക്രമിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണെന്നും ബച്ചന്‍ വ്യക്തമാക്കി. ഭവനഭേദനത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ജൂഹുവില്‍ ബച്ചന്‍ കുടുംബത്തിനു മൂന്നു വസതികളാണുള്ളത്. ജല്‍സ, പ്രതീക്ഷ, ജനക് എന്നിവയാണവ‌. ജല്‍സയില്‍ ബച്ചന്‍, ഭാര്യ ജയ, മകന്‍ അഭിഷേക്, മരുമകള്‍ ഐശ്വര്യ റായി, ചെറുമകള്‍ ആരാധ്യ എന്നിവരാണ് താമസിക്കുന്നത്. ജനക്‌ ബച്ചന്റെ ഓഫിസ് ആയി പ്രവര്‍ത്തിക്കുന്നു.

പ്രതീക്ഷയില്‍ ബച്ചന്റെ ഇളയ സഹോദരന്‍ അജിതാബ്‌ ബച്ചനാണ് കഴിയുന്നത്.

വെബ്ദുനിയ വായിക്കുക