ബംഗ്ലാവിനായി മായാവതി പൊടിച്ചത് 86 കോടി!

ബുധന്‍, 9 മെയ് 2012 (09:31 IST)
PRO
PRO
ഔദ്യോഗിക ബംഗ്ലാവ് മോടി പിടിപ്പിക്കാന്‍ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി ചെലവഴിച്ചത് പൊതുഖജനാവില്‍ നിന്നുള്ള കോടികള്‍. 86 കോടി രൂപ പൊടിച്ചാണ് ബി എസ് പി നേതാവ് ബംഗ്ലാവ് നവീകരിച്ചത്. സമാജ്വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലൂടെയാണ് ഇക്കാര്യം പുറത്തായത്. എന്നാല്‍ ബംഗ്ലാവിന്റെ മുഴുവന്‍ ചെലവുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ നൂറ് കോടി കടക്കും എന്നാണ് സൂചന.

ലക്നൗവിലെ മാള്‍ അവന്യൂവില്‍ അഞ്ച് ഏക്കറിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. മായാവതി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴാണ് നവീകരണം തുടങ്ങിയത്. അവര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങുന്നത് വരെ ഇത് തുടര്‍ന്നു. ബംഗ്ലാവിന്റെ മുക്കിലും മൂലയിലും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടും മായാവതിക്ക് തൃപ്തിവന്നില്ല. ബാത്ത്‌റൂം മാത്രം ഒരു ഡസള്‍ തവണ മാറ്റിപണിഞ്ഞു.

ബംഗ്ലാവിന്റെ സംരക്ഷണ ഭിത്തിക്ക് 20 അടി ഉയരമുണ്ട്. ജനാലകള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാണ്. അവയ്ക്ക് ഓരോന്നിനും 15 ലക്ഷം രൂപ വില മതിക്കും. ബംഗ്ലാവിനോട് ചേര്‍ന്ന് 14 മുറികളുള്ള ഇരുനില ഗസ്റ്റ് ഹൗസുണ്ട്. എല്ലാ മുറിയിലും ഇറ്റാലിയന്‍ പിങ്ക് മാര്‍ബിളുകളാണ് പതിച്ചിരിക്കുന്നത്, മായയുടെ ഇഷ്ടനിറമാണത്. ഇരുപതടിയോളം ഉയരമുള്ള രണ്ടു പ്രതിമകളും ഇവിടെയുണ്ട്. ഒന്നു മായാവതിയുടേയും മറ്റൊന്നു കാന്‍ഷിറാമിന്റേതും. ഒപ്പം അഞ്ച് ആന പ്രതിമകളും കാണാം. മായാവതി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ വലിയൊരു ചിത്രം ചുമരില്‍ പതിച്ചിട്ടുണ്ട്. ബംഗ്ലാവിനു ചുറ്റും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

മായാവതിയുടെ ധൂര്‍ത്ത് പുറത്തായതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക