പ്രതികളെ ജീവനോടെ കത്തിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു: ഡല്‍ഹി പെണ്‍കുട്ടിയുടെ ആണ്‍‌സുഹൃത്ത്

ശനി, 5 ജനുവരി 2013 (10:13 IST)
PTI
PTI
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തിലുള്ള പ്രതിഷേധം തുടരുന്നതിനിടെ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുന്നു. 23 കാരിയായ പെണ്‍കുട്ടി മരിച്ച് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴാണ് ആണ്‍സുഹൃത്ത് സീന്യൂസ് ചാനലിന് അഭിമുഖം നല്‍കിയത്.

ഡിസംബര്‍ 16ന് രാത്രി നടന്ന സംഭവങ്ങള്‍ അത്യന്തം പൈശാചികമായിരുന്നു എന്ന് സുഹൃത്ത് പറയുന്നു. എല്ലാ ക്രൂരതകള്‍ക്കും ശേഷം തങ്ങളെ ബസ് കയറ്റി കൊല്ലാനും അക്രമികള്‍ ശ്രമിച്ചു. ശിക്ഷയായി അവരെ ജീവനോടെ കത്തിക്കാനാണ് പെണ്‍കുട്ടി ആഗ്രഹിച്ചതെന്നും ആണ്‍സുഹൃത്ത് പറയുന്നു.

പെണ്‍കുട്ടിയെ രക്ഷിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് സുഹൃത്ത് കുറ്റപ്പെടുത്തുന്നു. നഗ്നരാക്കിയ ശേഷം ബസില്‍ നിന്ന് വഴിയില്‍ തള്ളിയിട്ട് തങ്ങളെ 45 മിനിറ്റിന് ശേഷമാണ് പൊലീസ് എത്തി സഫ്ദര്‍ഗഞ്ച് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രിയിലും കാര്യമായ പരിഗണന ലഭിച്ചില്ല. നല്ലൊരു ആശുപത്രിയിലേക്ക് ആദ്യമേ തന്നെ മാറ്റിയെങ്കില്‍ അവളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. തങ്ങളുടെ ജോലി ചെയ്തതായാണ് പൊലീസ് സ്വയം അഭിമാനിക്കുന്നത്. സര്‍ക്കാര്‍ ആകട്ടെ മുന്‍‌കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.

ബസിലെ വെളിച്ചം കെടുത്തിയ അക്രമികള്‍ രണ്ട് മണിക്കൂറോളം നഗരം ചുറ്റി. ഒടുവില്‍ പുറത്തേക്ക് എറിഞ്ഞ് ബസ് കയറ്റി കൊല്ലാന്‍ നോക്കി. കൊടുംതണുപ്പില്‍ വിവസ്ത്രരായി വഴിയില്‍ കിടന്നു നിലവിളിച്ച തങ്ങളെ രക്ഷിക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം എത്തിയപ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയെ ചൊല്ലി അവര്‍ തര്‍ക്കിക്കുകയായിരുന്നു എന്നും സുഹൃത്ത് പറയുന്നു.

വെബ്ദുനിയ വായിക്കുക