പൊതുസ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ പണികഴിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പൊതുവഴിയിലും പൊതു സ്ഥലത്തും ക്ഷേത്രമോ പള്ളിയോ മുസ്ലീം പള്ളിയോ ഗുരുദ്വാരയോ പാടില്ലെന്നാണ് അപെക്സ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇങ്ങനെ പറഞ്ഞത്.
ഇതു സംബന്ധിച്ച ഉറപ്പ് നാലാഴ്ചക്കുള്ളില്‍ ഒരു അഫിഡവിറ്റില്‍ എഴുതി നല്‍കാനും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ദാല്‍വീര്‍ ഭണ്ഡാരിയും ജസ്റ്റിസ് മുകുന്ദം ശര്‍മയും അടങ്ങുന്ന ബഞ്ചാണ് ഇങ്ങനെ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ നിന്ന് ആരാധനാലയങ്ങള്‍ അടക്കം, അനുമതിയില്ലാതെ പണികഴിപ്പിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണം എന്ന് 2006 -ല്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിനെതിരെ താല്‍ക്കാലിക സ്റ്റേ ഉണ്ടായിരുന്നു. എന്നാല്‍ ഈ കേസ് വീണ്ടും ബഞ്ച് വിചാരണയ്ക്ക് എടുക്കുകയായിരുന്നു.
‘പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ പണിതിരിക്കുന്ന ദേവാലയങ്ങള്‍ പൊളിക്കുമ്പോള്‍ ക്രമസമാധാന നില തകരും എന്ന് വാദിക്കുന്നത് അംഗീകരിക്കുന്നു. എന്നാല്‍ ഭാവിയില്‍ ഒരു തരത്തിലുള്ള ആരാധനാലയവും പൊതുവഴിയിലോ പൊതു സ്ഥലങ്ങളിലോ വരാതെ നോക്കേണ്ടത് സര്‍ക്കാരാണ്’ - കോടതി പറഞ്ഞു.
കോടതിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സൊളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ വരാതിരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം പരഞ്ഞു. ഇതേത്തുടര്‍ന്ന് സെപ്തംബര്‍ ഇരുപത്തിയാറാം തീയതിയിലേക്ക് കേസ് നീട്ടിവച്ചു.