പൊതുബജറ്റ്: കൊച്ചി മെട്രോയ്ക്ക് 872.88 കോടിയുടെ നിക്ഷേപം

Webdunia
ശനി, 28 ഫെബ്രുവരി 2015 (13:11 IST)
നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ആദ്യ പൊതുബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. കൊച്ചി മെട്രോയ്ക്ക് 872.88 കോടിയുടെ നിക്ഷേപമുണ്ടാകുമെന്ന് ബജറ്റില്‍ പറയുന്നു. 273.80 കോടി രൂപ കേന്ദ്ര വിഹിതം ലഭിക്കും. 264.64 കോടി രൂപ വിദേശ വായ്പ കിട്ടും. 60.64 കോടി രൂപ നികുതിയിളവും ലഭിക്കും. കൂടം കുളത്തിന്‍റെ രണ്ടാം ഘട്ടം കേരളത്തിന് ഗുണമാകും. ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്ലിന് 17 കോടി രൂപ അനുവദിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ലൈറ്റ് ഹൌസ് നിര്‍മ്മിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചു. റബ്ബര്‍ ബോര്‍ഡിന് 161.75 കോടി രൂപ നീക്കിവച്ചു. 
 
സ്വത്തുനികുതി വേണ്ടെന്നുവച്ചു. സേവനനികുതി 14 ശതമാനമാക്കി. പങ്കാളിത്ത പദ്ധതികളില്‍ പൊതുനിക്ഷേപം കൂട്ടണമെന്ന് നിര്‍ദ്ദേശം. കോര്‍പ്പറേറ്റ് നികുതി അഞ്ചുശതമാനം കുറയ്ക്കും. 4000 മെഗാവാട്ടിന്‍റെ നാല് വൈദ്യുത പദ്ധതികള്‍. ബജറ്റ് അനുസരിച്ച് പുകയില ഉത്പന്നങ്ങള്‍ക്ക് വില കൂടും. സിഗരറ്റ്, പാന്‍ മസാല വിലകൂടും. യാത്രാ അലവന്‍സ് നികുതി പരിധി 800ല്‍ നിന്ന് 1600 ആക്കി. 
 
കള്ളപ്പണം തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരും. കള്ളപ്പണക്കാര്‍ക്ക് പത്ത് വര്‍ഷം തടവ്. കള്ളപ്പണത്തിന് പിഴ 300% വരെ. പാചകവാതക വിതരണത്തിലെ സബ്‌സിഡി ചോര്‍ച്ച ഒഴിവാക്കും. ജി എസ് ടി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. രാജ്യം 7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്‍ഷ്യമിടുന്നു. 
 
താഴ്ന്ന വരുമാനക്കാര്‍ക്ക് ഇ എസ് ഐ വേണമോയെന്ന് സ്വയം തീരുമാനിക്കാം. അടിസ്ഥാന സൌകര്യത്തിന് 70000 കോടി വകയിരുത്തി. താഴ്ന്ന വരുമാനക്കാര്‍ക്ക് പി എഫ് സ്വയം തീരുമാനിക്കാം. നിര്‍ഭയ പദ്ധതിക്ക് 1000 കോടി. അതിസമ്പന്നരുടെ വെല്‍ത്ത് ടാക്സിന് രണ്ടുശതമാനം വര്‍ദ്ധന.
 
സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം അമൃത മഹോത്സവമായി ആഘോഷിക്കും. 22 ഇനങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചു. ഒരുകോടിയിലേറെ വരുമാനമുള്ളവര്‍ക്ക് രണ്ടുശതമാനം സര്‍ചാര്‍ജ്. 115 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ ഓണ്‍ അറൈവല്‍.  സാമൂഹ്യസുരക്ഷയ്ക്ക് മൂന്നിന പദ്ധതി നടപ്പാക്കും. 
 
കേരളത്തിന് എയിംസ് ഇല്ല. തിരുവനന്തപുരത്തെ 'നിഷ്' ദേശീയ സര്‍വകലാശാലയാക്കും. തമിഴ്നാടിന് എയിംസും കര്‍ണാടകത്തിന് ഐ ഐ ടിയും അനുവദിച്ചു. ആഭ്യന്തരകടവും വിദേശകടവും പുതിയ ഏജന്‍സിയുടെ കീഴിലേക്ക്. സ്വര്‍ണ നിക്ഷേപത്തിന് പലിശ. ബാങ്കുകളില്‍ സ്വര്‍ണം നിക്ഷേപമായി സ്വീകരിച്ച് പലിശ നല്‍കുന്നതാണ് പദ്ധതി. അശോകചക്രമുദ്രയുള്ള സ്വര്‍ണനാണയമിറക്കും. 
 
കുട്ടികളുടെ സുരക്ഷയ്ക്ക് 500 കോടി നല്‍കും. കൂടം‌കുളം പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വര്‍ഷം. ഇന്ത്യന്‍ ഫിനാന്‍‌ഷ്യല്‍ കോര്‍ട്ട് ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ക്ക് 1000 കോടി നല്‍കും. ജൈവകൃഷി ജലസേചനത്തിന് 5300 കോടി രൂപ അനുവദിച്ചു.
 
12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ എല്ലാവര്‍ക്കും രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സുരക്ഷാ ഭീമയോജന നടപ്പാക്കും. വാജ്‌പേയിയുടെ പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരും. അടല്‍ പെന്‍ഷന്‍ യോജനയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. പാവപ്പെട്ട മുതിര്‍ന്ന പൌരന്‍‌മാര്‍ക്ക് പ്രത്യേക പദ്ധതികള്‍. തൊഴിലുറപ്പ് പദ്ധതി തുടരും. 
 
സബ്‌സിഡി നഷ്ടം ഇല്ലാതാക്കും. പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമ പരിഷ്കരണം. വ്യവസായ പുനരുദ്ധാരണത്തിന് പുതിയ സംവിധാനം. ചെറുകിട സംരംഭകര്‍ക്കായി മുദ്രാ ബാങ്ക്. വിദ്യാഭ്യാസമില്ലാത്തവര്‍ക്കായി പുതിയ തൊഴില്‍ പദ്ധതി 'നയാ മന്‍‌സില്‍' നടപ്പാക്കും.
 
ജന്‍ ധന്‍ യോജന രാജ്യത്ത് വന്‍ വിജയമാണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ജെയ്റ്റ്‌ലി പറഞ്ഞു. ജന്‍ ധന്‍ യോജന പോസ്റ്റോഫീസുകളിലേക്ക് വ്യാപിപ്പിക്കും. ഒന്നരലക്ഷം പോസ്റ്റോഫീസുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
 
സ്വച്ഛ് ഭാരത് പദ്ധതിക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബജറ്റാണ് ജെയ്‌റ്റ്‌ലി അവതരിപ്പിച്ചത്. സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന് ബജറ്റില്‍ പറയുന്നു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍ സ്ഥാപിക്കും.
 
2016 ഏപ്രില്‍ മുതല്‍ ചരക്കുസേവന നികുതി ഏര്‍പ്പെടുത്തും. ജി ഡി പി എട്ടില്‍ നിന്ന് 8.5 ശതമാനമാക്കും. രാജ്യത്തെ ഉത്പാദന കേന്ദ്രമാക്കി മാറ്റും. റിസര്‍വ് ബാങ്ക് നിയമഭേദഗതി വരും.
 
ഒരുലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. 2022ല്‍ എല്ലാവര്‍ക്കും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും. ആറുകോടി വീടുകള്‍ പുതുതായി നിര്‍മ്മിക്കും. പണപ്പെരുപ്പം നിയന്ത്രിച്ചത് നേട്ടമായി. രൂപ കരുത്താര്‍ജ്ജിച്ചു. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ നിര്‍മ്മിക്കും. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും ബജറ്റില്‍ പറയുന്നു.