പൂനെ: അല്‍ അലാമിയോ ഇന്ത്യന്‍ മുജാഹിദ്ദീനോ?

Webdunia
ബുധന്‍, 17 ഫെബ്രുവരി 2010 (08:44 IST)
ലഷ്കര്‍-ഇ-തൊയ്ബ ഭീകര സംഘടനയില്‍ നിന്ന് പിരിഞ്ഞ ലഷ്കര്‍-ഇ-തൊയ്ബ അല്‍ അലാമി പൂനെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് ഇന്ത്യന്‍ മുജാഹിദ്ദീനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമാണെന്ന് സംശയം. കഴിഞ്ഞ ദിവസം ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ ഇസ്ലാമബാദ് ലേഖികയ്ക്കാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഫോണ്‍ സന്ദേശം ലഭിച്ചത്.

ഇന്തോ-പാക് ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉള്‍പ്പെടുത്താത്തതാണ് ആക്രമണത്തിനു കാരണമായി ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞത്. അബു ജിന്‍ഡാല്‍ എന്ന് സ്വയം പരിചയെപ്പെടുത്തിയ ആളാണ് ടെലഫോണില്‍ സംസാരിച്ചത്. ലഷ്കര്‍ ഐ‌എസ്‌ഐയുടെ ആജ്ഞാനുവര്‍ത്തികളായതാണ് സംഘടനയില്‍ പിളര്‍പ്പുണ്ടാവാന്‍ കാരണമെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍, കശ്മീര്‍, ഹൈദരാബാദ്, ജുനാഗഡ് തുടങ്ങിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു എങ്കിലും ലഷ്കര്‍ ഒരിക്കലും ചര്‍ച്ചാ മേശയില്‍ എത്തുന്ന കാര്യം പരിഗണിച്ചിട്ടില്ല. എന്നാല്‍, ഇപ്പോള്‍ വിഘടിത വിഭാഗമെന്ന് അവകാശപ്പെടുന്ന സംഘടന ചര്‍ച്ചയെ കുറിച്ച് പറയുന്നത് സംശയത്തിനു കാരണമാവുന്നു. അതോടൊപ്പം വിഘടിത വിഭാഗം അതിവേഗം ഒരു ഭീകരാക്രമണം ആസൂത്രണം ചെയ്യുമെന്നും കരുതാനാവില്ല.

കഴിഞ്ഞ 14 മാസമായി ഇന്ത്യയില്‍ ആക്രമണം നടത്താന്‍ കഴിയാതെയിരുന്ന ഇന്ത്യന്‍ മുജാഹിദ്ദീന് പാകിസ്ഥാനില്‍ നിന്നുള്ള സമ്മര്‍ദ്ദം അധികരിച്ചതു മൂലമാണ് പൂനെസ്ഫോടനം നടത്തിയതെന്നാണ് പൊതുവെയുള്ള നിഗമനം. ഇന്ത്യന്‍ മുജാഹിദ്ദീനെ കുറിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാനുള്ള വ്യാജ സന്ദേശമാണ് ലഭിച്ചതെന്നും അന്വേഷണ സംഘത്തിലെ ഒരു വിഭാഗം കരുതുന്നു. ഇത്തരത്തില്‍, 26/11 ആക്രമണത്തിന്റെ ഉത്തരവാദിത്വം ഡെക്കാന്‍മുജാഹിദ്ദീന്‍ എന്ന ഇന്ത്യന്‍ സംഘടന ഏറ്റെടുക്കുന്നതായുള്ള വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.

പാകിസ്ഥാനിലെ വസിരിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നാണ് ലഷ്കര്‍-ഇ-തൊയ്ബ അല്‍ അലാമിയുടെ സന്ദേശം ലഭിച്ചത്. ഇന്ത്യയും യു‌എസും തമ്മിലുള്ള ബന്ധവും സ്ഫോടനം നടത്തിയതിനു പിന്നിലെ മറ്റൊരു കാരണമായി ജിന്‍ഡാല്‍ പറയുന്നു. ഇയാള്‍ക്ക് ഏകദേശം ഇരുപത് വയസ്സ് പ്രായമുണ്ടായിരിക്കുമെന്നാണ് നിഗമനം. ഫോണ്‍ സന്ദേശം ലഭിച്ച ശേഷം തിരികെ ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും ‘ബന്ധപ്പെടാന്‍ ശ്രമിക്കുന്ന ടെലഫോണ്‍ നമ്പര്‍ നിലവിലില്ല’ എന്ന സന്ദേശമാണ് ലഭിച്ചത്.