പുതിയ പാര്‍ട്ടി രൂപീകരിക്കും; സൂചനകള്‍ നല്കി ഭൂഷണും യാദവും

ചൊവ്വ, 31 മാര്‍ച്ച് 2015 (09:23 IST)
ആം ആദ്‌മി പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവില്‍ നിന്ന് പുറത്തുപോയ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും. ഇതു സംബന്ധിച്ച സൂചനകള്‍ ഇരുവരും നല്കി. ആം ആദ്‌മി പാര്‍ട്ടിയില്‍ വിമതശബ്‌ദം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും പുറത്തു പോകേണ്ടി വന്നത്.
 
ആകെ നാല് എം പിമാര്‍ ഉള്ള പഞ്ചാബില്‍ രണ്ടുപേര്‍ യോഗേന്ദ്ര യാദവ് പക്ഷത്തും രണ്ടുപേര്‍ കെജ്‌രിവാള്‍ പക്ഷത്തുമാണ്.
ഏതായാലും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി ഏപ്രില്‍ 14ന് തങ്ങളുടെ അനുകൂലികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. 
 
യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ദേശീയ എക്സിക്യുട്ടീവില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്‌കര്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരുന്നു. 
 
ആം ആദ്‌മി പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവില്‍ നിന്ന് പുറത്തായ യോഗേന്ദ്ര യാദവ് താന്‍ രാഷ്‌ട്രീയത്തില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക