പാര്‍ലമെന്‍റ് നാലാം ദിവസവും സ്തംഭിച്ചു

വെള്ളി, 30 ജൂലൈ 2010 (12:51 IST)
PTI
വിലക്കയറ്റ പ്രശ്നത്തിന്‍ മേല്‍ പ്രതിപക്ഷ ബഹളം കാരണം നാലാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. ഇരു സഭകളും ആദ്യം 12 മണിവരെ നിര്‍ത്തി വച്ചു എങ്കിലും വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷ ബഹളം തുടര്‍ന്നതിനാല്‍ തിങ്കളാഴ്ച വരെ പിരിയുകയായിരുന്നു.

ലോക്സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷം ബഹളവുമായി രംഗത്ത് എത്തി. വിലക്കയറ്റത്തെ കുറിച്ച് വോട്ടെടുപ്പോടു കൂടിയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഭരണപക്ഷം വോട്ടെടുപ്പിനെ ഭയപ്പെടുന്നതിനാലാണ് വോട്ടെടുപ്പ് നടത്താത്തതെന്നും സുഷമ ആരോപിച്ചു.

രാജ്യസഭയിലും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. വോട്ടെടുപ്പോടു കൂടിയ ചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

വിലക്കയറ്റ പ്രശ്നത്തില്‍ വോട്ടെടുപ്പ് ഇല്ലാതെയുള്ള ചര്‍ച്ചയ്ക്ക് അനുമതി നല്‍കാമെന്നാണ് ഭരണ പക്ഷത്തിന്റെ നിലപാട്. ബി‌എസ്പി, എസ്പി, ആര്‍ജെഡി തുടങ്ങിയ കക്ഷികളും സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് നയിക്കുന്ന ഭരണ പക്ഷം വോട്ടെടുപ്പിനെ അനുകൂലിക്കാത്തത് എന്നാണ് സൂചന.

എന്നാല്‍, തിങ്കളാഴ്ചയോടെ വിലക്കയറ്റ പ്രശ്നത്തില്‍ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം.

വെബ്ദുനിയ വായിക്കുക