ഇന്ത്യന്‍ പൌരന്മാര്‍ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ ഭീകരാക്രമണ പരമ്പരയെ നേരിടുന്ന അവസരത്തില്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ തല്‍ക്കാലം യാത്ര ഉപേക്ഷിക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്.
പാകിസ്ഥാനില്‍ അസ്ഥിരതയുണ്ടാക്കുന്നതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് ആരോപണത്തിനെതിരെ പ്രധിരോധമന്ത്രി എകെ ആന്റണി പ്രസ്താവന നടത്തിയ ദിവസം തന്നെയാണ് പാകിസ്ഥാന്‍ യാത്രികര്‍ക്കുള്ള മുന്നറിയിപ്പും വന്നിരിക്കുന്നത്. പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നായിരുന്നു ആന്റണി അഭിപ്രായപ്പെട്ടത്.
പാകിസ്ഥാനില്‍ അസ്ഥിരത വളര്‍ത്തുന്നതിനായി ഇന്ത്യയുള്‍പ്പെടെ ചില ഏജന്‍സികള്‍ താലിബാനെ സഹായിക്കുന്നുണ്ടെന്ന് വിശ്വസനീയ വിവരം ലഭിച്ചിട്ടുണ്ട് എന്നായിരുന്നു മാലിക്കിന്റെ അവകാശവാദം. പാകിനോട് ശത്രുതയുള്ള ചിലരാണ് താലിബാന് ആവശ്യമായ സഹായം നല്കുന്നത്. പാകിസ്ഥാനില്‍ സ്ഥിരത ഉണ്‌ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നും മാലിക് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
താലിബാന് സഹായം നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു മാലിക്കിന്റെ മറുപടി. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാലിക് പറഞ്ഞു. എന്നാല്‍, ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ നിഷേധിച്ചിരുന്നു.