ലളിതജീവിതമാണ് ഒ പനീർസെൽവം എന്ന പച്ചമനുഷ്യൻ എന്നും ആഗ്രഹിച്ചത്. മനസ്സുകൊണ്ട് ഒരു കർഷകൻ. എന്നാൽ സാമ്പത്തികശാസ്ത്രത്തിലെ ഈ ബിരുദധാരിക്ക് ഒരു കർഷകൻ എന്ന നിലയിൽ ജീവിക്കാനായിരുന്നില്ല യോഗം. തമിഴ്‌നാടിൻറെ പരമാധികാരിയാകാനായിരുന്നു. ജയലളിതയുടെ വിയോഗത്തെ തുടർന്ന് ഇപ്പോൾ മൂന്നാം തവണയും പനീർസെൽവം മുഖ്യമന്ത്രിപദത്തിലെത്തുമ്പോൾ ലാളിത്യമാർന്ന ജീവിതത്തിന് ഉടമ എന്നതുതന്നെയാണ് അദ്ദേഹത്തേപ്പറ്റി ആദ്യം എല്ലാവർക്കും പറയാനുള്ളത്.
ഈ ലാളിത്യം തന്നെയായിരുന്നു പനീർസെൽവം എന്ന സഹപ്രവർത്തകനിൽ ജയലളിത ഇഷ്ടപ്പെട്ടിരുന്നത്. ഏൽപ്പിക്കുന്ന ജോലിയെല്ലാം നിശബ്ദമായി, ഭംഗിയായി ചെയ്യുന്ന വിശ്വസ്തനായ സേവകനായിരുന്നു ജയലളിതയ്ക്ക് എന്നും പനീർസെൽവം. ആ ലാളിത്യവും വിധേയത്വവും തന്നെയാണ് പനീർസെൽവത്തിൻറെ പുതിയ സ്ഥാനലബ്‌ധിക്കും കാരണമായത്.
ജയലളിതയ്ക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന, അവരുടെ അസാന്നിധ്യത്തിൽ ആ ഫോട്ടോ വച്ച് ഭരണം നടത്തുന്ന ഒ പി എസിനെയാണ് ഇത്രയും കാലം ഏവരും കണ്ടിട്ടുള്ളത്. എന്നാൽ വിനീതവിധേയൻറെ ആ ഭാവത്തിൽ നിന്ന് മാറി ആജ്ഞാശക്തിയുള്ള മുഖ്യമന്ത്രിയായി പനീർസെൽവം മാറുമോ എന്നാണ് രാഷ്ട്രീയതമിഴകവും രാജ്യവും ഉറ്റുനോക്കുന്നത്.