തൊഴിലാളി സംഘടനകളുടെ ദ്വിദിന പണിമുടക്ക് രാജ്യമാകെ അക്രമത്തില്‍ കലാശിച്ചു. കേരളത്തില്‍ പണിമുടക്ക് ബന്ദായി മാറിയപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും വ്യാപകമായ അക്രമ സംഭവങ്ങളുണ്ടായി.
ഹരിയാനയില്‍ അംബാല ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയില്‍ ബസ് തടയാന്‍ ശ്രമിച്ച യൂണിയന്‍ നേതാവ് ബസ് കയറി മരിച്ചു. എ ഐ ടി യു സി ട്രഷറര്‍ ആയിരുന്ന നരേന്ദര്‍ സിംഗാണ് മരിച്ചത്. ഇതോടെ ആ മേഖലയില്‍ വലിയ തോതില്‍ അക്രമമുണ്ടായി.
നോയിഡയില്‍ ബുധനാഴ്ച ഉച്ചയോടെ വ്യാപക അക്രമം അരങ്ങേറി. നോയിഡയിലെ വസ്ത്ര നിര്‍മാണ ഫാക്ടറികള്‍ ആക്രമിക്കപ്പെട്ടു. ഗോഡൌണുകള്‍ തകര്‍ത്തു. പത്തോളം വാഹനങ്ങളാണ് ഇവിടെ തീവച്ചു നശിപ്പിച്ചത്.
വസ്ത്ര നിര്‍മാണ ഫാക്ടറികളിലെ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
യു പിയില്‍ ബസുകള്‍ നിരത്തിലിറങ്ങിയില്ല. അരലക്ഷത്തോളം തൊഴിലാളികളാണ് ഗതാഗത മേഖലയില്‍ മാത്രം ഇവിടെ പണിമുടക്കുന്നത്. ബംഗാളിലും പണിമുടക്ക് പൂര്‍ണമാണ്. ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഗതാഗത മേഖലയും ബാങ്കിംഗ് മേഖലയും പൂര്‍ണമായും സ്തംഭിച്ചു.
ഒറീസയില്‍ ട്രെയിന്‍ തടയാന്‍ ശ്രമമുണ്ടായി. ബീഹാറിലും ട്രെയിന്‍ തടഞ്ഞു. അതേസമയം ചെന്നൈയില്‍ അക്രമസംഭവങ്ങളൊന്നും അരങ്ങേറിയില്ല. സാധാരണ ദിനം പോലെ ചെന്നൈയില്‍ പണിമുടക്കിന്‍റെ ആദ്യദിനവും കടന്നുപോയി. ഡല്‍ഹിയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് തീവച്ചു. തീയണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് വാഹനങ്ങളും അഗ്നിക്കിരയാക്കി.
കേരളത്തിലാകട്ടെ പണിമുടക്ക് ബന്ദായി മാറി. ഹോട്ടലുകളെല്ലാം അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. പണിമുടക്ക് വിവരമറിയാതെ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും വന്നിറങ്ങിയവര്‍ നട്ടം തിരിഞ്ഞു. ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും പോലും ഭക്ഷണത്തിനായി ബുദ്ധിമുട്ടേണ്ടിവന്നു. വാഹനങ്ങള്‍ക്ക് നേരെ കല്ലേറും അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊച്ചിയിലും തിരുവനന്തപുരത്തും വാഹനയാത്രക്കാരെ സമരാനുകൂലികള്‍ തടയുകയും അക്രമം നടത്തുകയും ചെയ്തു. സെക്രട്ടേറിയറ്റ് ഉള്‍പ്പടെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവായിരുന്നു.