അധോലോക രാജാവ് ഛോട്ടാ രാജനോടുള്ള തന്‍റെ ശത്രുത തുടരുമെന്നും തനിക്ക് ഛോട്ടാ രാജനെ ഇല്ലാതാക്കണമെന്നും രാജന്‍റെ പ്രധാനശത്രുവും ദാവൂദ് ഇബ്രാഹിമിന്‍റെ വലംകൈയുമായ ഛോട്ടാ ഷക്കീല്‍. “ഛോട്ടാ രാജനെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ഇനിയും തുടരും” - ഛോട്ടാ ഷക്കീല്‍ പറയുന്നു.
ഛോട്ടാ രാജനെ പുകച്ച് പുറത്തുചാടിച്ച് അറസ്റ്റിലേക്കുള്ള വഴിയൊരുക്കിയത് താനാണെന്നും ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഛോട്ടാ ഷക്കീല്‍ അവകാശപ്പെട്ടു. “ഫിജിയില്‍ കഴിഞ്ഞ ഒരാഴ്ചയായി എന്‍റെ ആളുകള്‍ ഛോട്ടാ രാജനെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു. അങ്ങനെയാണ് ഒളിസങ്കേതത്തില്‍ നിന്ന് പുറത്തുവരാന്‍ ഛോട്ടാ രാജന്‍ നിര്‍ബന്ധിതനായത്. തുടര്‍ന്ന് അയാള്‍ ഇന്തോനേഷ്യയിലേക്ക് പറക്കുകയും അറസ്റ്റ് നടക്കുകയുമായിരുന്നു” - ഛോട്ടാ ഷക്കീല്‍ പറയുന്നു.
2000ത്തില്‍ ബാങ്കോക്കില്‍ വച്ച് ഛോട്ടാ ഷക്കീലിന്‍റെ ആളുകളുടെ തോക്കിന്‍ മുനയില്‍ നിന്ന് തലനാരിഴയ്ക്കാണ് ഛോട്ടാ രാജന്‍ രക്ഷപ്പെട്ടത്. ഛോട്ടാരാജന്റെ വിശ്വസ്തനായ രോഹിത് വര്‍മയും ഭാര്യയും ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളികളായിരിക്കുമ്പോള്‍ ഡി കമ്പനിയില്‍ രണ്ടാമനാര് എന്ന തര്‍ക്കമാണ് ഛോട്ടാ രാജന്‍റെയും ഛോട്ടാ ഷക്കീലിന്‍റെയും ശത്രുതയുടെ തുടക്കം. പിന്നീട് 1993 മുംബൈ സ്ഫോടനത്തേത്തുടര്‍ന്ന് ഛോട്ടാ രാജന്‍ ദാവൂദുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. അന്നുമുതല്‍ ഛോട്ടാ രാജനെ വകവരുത്താന്‍ തക്കം പാര്‍ത്തുനടക്കുകയാണ് ഛോട്ടാ ഷക്കീല്‍.
“ഛോട്ടാ രാജന്റെ അറസ്റ്റില്‍ ഡി കമ്പനി തൃപ്തരല്ല. ഞങ്ങളുടെ ശത്രുത ഇനിയും തുടരും. ഛോട്ടാ രാജനെ എനിക്ക് ഇല്ലാതാക്കണം” - പകയൊടുങ്ങാതെ ഛോട്ടാ ഷക്കീല്‍ പറയുന്നു.