നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 100 രഹസ്യ ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ടു. നേതാജിയുടെ നൂറ്റിപ്പത്തൊമ്പതാം ജന്‍മദിനത്തില്‍ രേഖകളുടെ ഡിജിറ്റല്‍ കോപ്പികളാണ് പുറത്തുവിട്ടത്. നേതാജിയുടെ മരണം സംബന്ധിച്ച ദുരൂഹത അല്‍പ്പമെങ്കിലും നീങ്ങുന്നതിന് ഈ രേഖകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഫയല്‍ പൂര്‍ണമായും തങ്ങള്‍ പരിശോധിച്ചുകഴിഞ്ഞിട്ടില്ലെന്ന് ബോസ് കുടുംബത്തിന്‍റെ വക്താവായ ചന്ദ്രകുമാര്‍ ബോസ് പ്രതികരിച്ചു. “ഞങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിഞ്ഞതില്‍ നിന്ന് മനസിലാക്കാനായത് വിമാനാപകടത്തെപ്പറ്റി അതില്‍ സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ എന്നാണ്. വിമാനാപകടത്തെപ്പറ്റി സ്ഥിരീകരിച്ച തെളിവുകള്‍ അതിലില്ല” - ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.
“ലാല്‍ ബഹദൂര്‍ ശാസ്ത്രി സുരേഷ് ബോസിനയച്ച ഒരു കത്ത് ഞങ്ങള്‍ ഇവിടെ കണ്ടു. അതിലും പറയുന്നത്, വിമാനാപകടത്തെപ്പറ്റി സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ എന്നാണ്” - ചന്ദ്രകുമാര്‍ ബോസ് വ്യക്തമാക്കി.
ഈ ഫയലുകള്‍ പുറത്തുവിട്ട പ്രധാനമന്ത്രിയുടെ നടപടിയെ പക്ഷേ, ബോസ് കുടുംബം അഭിനന്ദിച്ചു. “പ്രധാനമന്ത്രിയുടെ ഈ നടപടിയെ ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഇന്ത്യയില്‍ സുതാര്യതയുടെ ദിനമാണിന്ന്” - അവര്‍ പറഞ്ഞു.
നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ ഈ ഫയലുകള്‍ പിന്നീട് പൊതുജനങ്ങള്‍ക്കായി പുറത്തുവിടാന്‍ പദ്ധതിയിട്ടിട്ടുണ്ട്.