ആത്മഹത്യാ ഗെയിം എന്ന പേരില്‍ അറിയപ്പെടുന്ന ‘ബ്ലൂ വെയില്‍’ ഗെയിമിന് നിരോധനം. ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും ഉടനടി നീക്കം ചെയ്യണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം നിര്‍ദേശം നല്‍കി.ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നീ സോഷ്യല്‍ മീഡിയകള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഗെയിമിന്റെ അതേ പേരിലോ സമാനമായ പേരിലോ ഉള്ള എല്ലാ ലിങ്കുകളും അടിയന്തരമായി ഒഴിവാക്കണെമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക് ആന്‍ഡ് ഐ ടി മന്ത്രാലയം ഓഗസ്റ്റ് പതിനൊന്നിനാണ് വിവിധ സേവനദാതാക്കള്‍ക്ക് കത്തയച്ചത്.
നേരത്തെ കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ബ്ലുവെയില്‍ ഗെയിം നിരോധിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി മേനകാ ഗാന്ധിയും കേന്ദ്രത്തോട് ഈ ഗെയിം നിരോധിക്കണമെന്ന് ഇന്ന് ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിലും രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗെയിം നിരോധിക്കണമെന്ന് മനേക ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ചില മാധ്യമങ്ങളിൽ വന്ന വിവരമനുസരിച്ച് നിരവധി ആളുകളാണ് ഇന്ത്യയിൽ ഈ ഗെയിം ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്.
റഷ്യയാണ് ഈ ഗെയിമിന്റെ ഉത്ഭവം. ഒരുതരം ചലഞ്ച് ഗെയിമാണിതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യഘട്ടത്തില്‍ ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക. അന്‍പത് ദിവസത്തിനുള്ളില്‍ അന്‍പത് ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കുകയും വേണം. അതേസമയം, ഇത്രയും ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വയം മുറിവേല്‍പ്പിക്കുന്നടക്കമുള്ള കാര്യങ്ങള്‍ ചെയ്യുകയും വേണം. ഗെയിമിന്റെ ഏറ്റവും ഒടുവിലാണ് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഗെയിമില്‍ ആകൃഷ്ടരായവര്‍ ഇതും ചെയ്യാന്‍ മടിക്കില്ലെന്നാണ് സൈബര്‍ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.