നിയമങ്ങളെല്ലാം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് എല്ലാ വിമര്‍ശനങ്ങളും മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

Webdunia
ബുധന്‍, 25 മെയ് 2016 (10:07 IST)
മോദി സര്‍ക്കാറിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് രംഗത്ത്. ഭിന്നാഭിപ്രായങ്ങളെ മോദി സര്‍ക്കാര്‍ രാജ്യദ്രോഹമായി ചിത്രീകരിക്കുകയാണെന്നും വിവാദ പ്രസംഗം എന്ന പേരില്‍  അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു.
 
ഭരണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ നാളെ നടത്താനൊരുങ്ങവെയാണ് ഗുരുതരമായ ആരോപണവുമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. ക്രിമിനല്‍ മാനനഷ്ടക്കേസ് ചാര്‍ത്തി എല്ലാവരേയും സര്‍ക്കാര്‍ നിശബ്ദമാക്കുന്നു, രാജ്യദ്രോഹ വകുപ്പുകളും ഇതിനായി ഉപയോഗപ്പെടുത്തി, ബന്ധപ്പെട്ട് വിഷയങ്ങളില്‍ അന്വേഷണം നടത്തേണ്ടതിന് പകരം ക്രിമിനല്‍ കുറ്റം ചാര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യദ്രോഹ വകുപ്പുകളും ഇതിനായി ഉപയോഗപ്പെടുത്തി. മുന്‍ സര്‍ക്കാരുകളെ പോലെ തന്നെയാണ് മോദി സര്‍ക്കാരും പെരുമാറുന്നത്, ഇതില്‍ പല രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്, സംഘടന ചൂണ്ടിക്കാട്ടി. 
 
കോളോണിയല്‍ കാലഘട്ടങ്ങളില്‍ എഴുതപ്പെട്ട നിയമങ്ങള്‍ സര്‍ക്കാര്‍ മുതലെടുപ്പിനായി ഉപയോഗിക്കുന്നു. കൂടാതെ നിയമങ്ങളെയെല്ലാം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് വിമര്‍ശനങ്ങളെയെല്ലാം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു. സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന്റെ ഭാഗമായി രൂപീകരിച്ച ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ 66 എ വകുപ്പിനെയും ഇതിനായി ഉപയോഗിച്ചു. 'സ്റ്റിഫ്‌ളിംഗ് ഡിസന്റ്: ക്രിമിനലൈസേഷന്‍ ഓഫ് പീസ്ഫുള്‍ എക്‌സ്പ്രഷന്‍ ഇന്‍ ഇന്ത്യ'എന്ന പേരില്‍  108 പേജ് വരുന്ന റിപോര്‍ട്ടിലാണ് മോദി സര്‍ക്കാരിനെതിരെ സംഘടന ആഞ്ഞടിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article