അതിഥി എന്ന നാലു മാസം പ്രായമുള്ള കുഞ്ഞുമാലാഖയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് മുംബൈയിലെ ഒരു കുടുംബവും ഇവിടുത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും. കരളലിയിപ്പിക്കുന്ന കഥയാണ് അതിഥിയുടേത്. എങ്കിലും അതിഥി കാണിച്ച കുറുമ്പ് കേള്‍ക്കുമ്പോള്‍ ഇത്തിരി ആശ്ചര്യം തോന്നിയേല്‍ക്കാം.
ഫെബ്രുവരി 21 ന് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്ന ഹൃദയ ശാസ്ത്രക്രിയയ്ക്കു മുന്‍പ് അതിഥി അതിജീവിച്ചത് 20 ഹൃദയസ്തംഭനങ്ങളെ ആയിരുന്നു. എന്നാല്‍ ലോകത്ത് മൂന്ന് ലക്ഷത്തില്‍ ഒരാളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ്വ രോഗത്തിനടിമപ്പെട്ട് ഇവള്‍ തരണം ചെയ്തത് 20 മേജര്‍ സര്‍ജറികള്‍ ആയിരുന്നു.
രണ്ട് മാസം ഉള്ളപ്പോഴാണ് അതിഥി രോഗ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. ശരീരത്തില്‍ ഓക്സിജന്‍ എത്തിച്ചു കൊടുക്കുന്ന പ്രധാന അറകള്‍ക്കുണ്ടാകുന്ന തകരാറാണ് അതിഥിയുടെ രോഗത്തിന് കാരണം. നിരവധി ചികിത്സകള്‍ നല്‍കിയെങ്കിലും ഒന്നും ഇതുവരെ ഫലം കണ്ടില്ല. ഹൃദയത്തില്‍ രക്തം എത്താത്ത അവസ്ഥയുണ്ടാകുമ്പോയാണ് തുടരെയുള്ള ഹൃദയാഘാതങ്ങള്‍ ഉണ്ടാകുന്നത്.
എന്നാല്‍ അടുത്ത എട്ടോ ഒന്‍പതോ മാസങ്ങള്‍ക്കുള്ളില്‍ അതിഥി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് അതിഥിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.