നവീനെ പുറത്താക്കണമെന്ന് ബിജെപി

Webdunia
ശനി, 31 ജനുവരി 2009 (18:48 IST)
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ നവീന്‍ ചവ്‌ളയെ പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് ബിജെപി ശനിയാഴ്ച ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒരംഗത്തെ പുറത്താക്കണമെന്ന് രാഷ്ട ശുപാര്‍ശ നടത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടമായിരിക്കുകയാണ്. ജനാധിപത്യ താല്പര്യവും ഭരണഘടനാപരമായ താല്പര്യവും അനുസരിച്ച് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ചവ്‌ളയെ പുറത്താക്കേണ്ടതാണെന്നും ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ വിവാദത്തില്‍ കുളിച്ചിരിക്കുകയാണ്. കമ്മീഷന്‍റെ വിശ്വാസ്യത തിരികെ ലഭിക്കണമെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇപ്പോഴുള്ള സംഭവവികാസങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ബിജെപി വക്താവ് പറഞ്ഞു.

ചവ്‌ളയ്ക്ക് കോണ്‍ഗ്രസ് ചായ്‌വുണ്ടെന്ന് ബിജെപി നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു. ചവ്‌‌ളയെ മാറ്റണമെന്ന പരാതിയുമായി പാര്‍ട്ടി അന്നത്തെ രാഷ്ട്രപതി അബ്ദുള്‍ ജെ കലാമിന് പരാതി നല്‍കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.