നരേന്ദ്രമോഡി സിനിമയിലേക്ക്

ശനി, 5 ഒക്‌ടോബര്‍ 2013 (19:30 IST)
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും സിനിമയിലേക്ക്. അതെ മോഡിയുടെ ജീവിതകഥ സിനിമയാകുകയാണ്. ഒരു ചെറിയ ചായക്കടയിലെ ജോലിക്കാരനില്‍ നിന്ന് തുടങ്ങി ഗുജറാത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് വളര്‍ന്ന നരേന്ദ്ര മോഡിയുടെ ജീവിതകഥ അഭ്രപാളിയിലെത്തുമ്പോള്‍ മോഡിയായി വേഷമിടുന്നത് ബോളിവുഡ് താരം പരേഷ് റാവലാണ്.

വില്ലനായും പിന്നെ കോമഡിത്താരമായും തിളങ്ങിയ പരേഷ് റാവലിന്റെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഇത്. 2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പരേഷും പങ്കെടുത്തിരുന്നു. മോഡിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കുകയാണ് ഈ ചിത്രത്തിലെ ലക്ഷ്യമെന്ന് പറയപ്പെടുന്നു.

‘ഓ മൈ ഗോഡ്’ എന്ന ആദ്യ നിര്‍മ്മാണ ചിത്രത്തിന് ശേഷം പരേഷ് റാവലും വിദേശ ഇന്ത്യക്കാരനായ മിനേഷ് പട്ടേലും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ച് മോഡിയുമായി സംസാരിച്ചു കഴിഞ്ഞു.

പരേഷ് റാവലിന് മോഡിയെന്ന കഥാപാത്രമാകാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ഡിസംബറോടെ പൂര്‍ത്തിയാകും. 2014 ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

വെബ്ദുനിയ വായിക്കുക