നരേന്ദ്രമോഡിക്കെതിരെ കേസെടുത്തു

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (18:47 IST)
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്കെതിരെ കേസെടുത്തു. ഗുജറാത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ഗാന്ധിനഗറിലെ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം പുറത്തുവന്ന മോഡി താമര ചിഹ്‌നം ഉയര്‍ത്തിക്കാട്ടുകയും രാഷ്ട്രീയ പ്രസംഗം നടത്തുകയും ചെയ്തിരുന്നു.
 
മോഡി നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രചാരണത്തിന്‍റെ സ്വഭാവമുള്ളതാണെന്നും 48 മണിക്കൂര്‍ മുമ്പേ പ്രചരണം അവസാനിപ്പിക്കണം എന്നുള്ളതിനാല്‍ മോഡിക്കെതിരെ കേസെടുക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയത്. നൂറ്റിയിരുപത്താറാം വകുപ്പനുസരിച്ച് കേസെടുക്കാനാണ് നിര്‍ദ്ദേശിച്ചത്.
 
വോട്ടുചെയ്ത ശേഷം പുറത്തുവന്ന മോഡി, അമ്മയും മകനും നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുമെന്ന് പ്രസംഗിച്ചു. താമര ചിഹ്നം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
 
രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നരേന്ദ്രമോഡി ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ ഇത്തരത്തില്‍ കേസെടുക്കുന്നത് അസാധാരണ നടപടിയാണ്. ഇത് മോഡിക്ക് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
നരേന്ദ്രമോഡിക്കെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പരാതി നല്‍കിയിരുന്നു. രാജ്യത്തെ നിയമങ്ങളൊന്നും മോഡി പാലിക്കുന്നില്ലെന്ന് കപില്‍ സിബല്‍ ആരോപിച്ചു.