മധ്യപ്രദേശില്‍ യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാര്‍ സിംഗിനെ ഖനി മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. നരേന്ദ്രകുമാറിന്‍റെ ഘാതകരെ വെറുതേ വിടില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകം ആസൂത്രിതമാണെന്ന് കരുതാന്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥന് എന്തെങ്കിലും ഭീഷണി ഉണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടില്ല എന്നും പൊലീസ് അറിയിക്കുന്നു.
അനധികൃതമായി കടത്തുകയായിരുന്ന കരിങ്കല്ല് തടയാന്‍ ശ്രമിച്ച നരേന്ദ്ര കുമാര്‍, മൊറേന ജില്ലയിലെ ബാന്‍മോര്‍ പട്ടണത്തില്‍വച്ചാണ് കൊല്ലപ്പെട്ടത്. ഖനി മാഫിയ ഈ ഉദ്യോഗസ്ഥന്റെ മേല്‍ ട്രാക്ടര്‍ ഓടിച്ചു കയറ്റി കൊല്ലുകയായിരുന്നു.
ഇതിനിടെ, നരേന്ദ്രകുമാര്‍ വധത്തിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് പിതാവ് കേശവ് ദേവ് ആരോപിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇത് തന്നെയാണ് ആരോപിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നരേന്ദ്രകുമാറിന്റെ മൃതദേഹം മഥുരയ്ക്കടുത്തുള്ള അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രസവാവധിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ മധുറാണി തിവാട്ടിയാണ് ചിതയ്ക്ക് തീകൊളുത്തിയത്.
SUMMARY: A day after a young IPS officer was mowed down by a suspected member of the mining mafia in Madhya Pradesh, a senior police officer today said the murder does not appear “pre-planned” at this stage.