നടപടിയില്‍ തെറ്റില്ലെന്ന് ഗോപാലസ്വാമി

തിങ്കള്‍, 2 ഫെബ്രുവരി 2009 (09:16 IST)
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നവീന്‍ ചവ്‌ളയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശുപാര്‍ശ ചെയ്ത നടപടിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമി ന്യായീകരിച്ചു.

തെരഞ്ഞെടുപ്പ് അടുക്കുകയും ഗോപാലസ്വാമി ഏപ്രിലില്‍ വിരമിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ശുപാര്‍ശ നടത്തിയതിനെ പ്രശസ്ത നിയമജ്ഞന്‍ ഫാലി നരിമാന്‍ അടക്കം പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍, താന്‍ ചെയ്തത് ശരിയാണെന്ന് ഉറച്ച വിശ്വാസമുണ്ട് എന്ന് ഗോപാലസ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

2008 ജനുവരി 30ന് ആണ് ചവ്‌ളയ്ക്ക് എതിരെയുള്ള പരാതി ലഭിച്ചത്. ഫെബ്രുവരിയില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരക്കിലായിരുന്നു. ഇതിനിടെ, ചവ്‌ള കുറെക്കാലം അവധിയിലായിരുന്നു. ജൂലൈ അവസാനം പരാതിയുടെ പകര്‍പ്പ് ചവ്‌ളയ്ക്ക് കൈമാറി. എന്നാല്‍, അദ്ദേഹം മറുപടി നല്‍കാന്‍ ആറ് മാസമെടുത്തു.

179 എം പിമാര്‍ ഒപ്പിട്ട പരാതി തള്ളിക്കളയാനാവില്ല എന്നതിനാലാണ് ചവ്‌ളയെ നീക്കണമെന്ന് രാഷ്ട്രപതിയോട് സ്വന്തം നിലയില്‍ ശുപാര്‍ശ ചെയ്യാന്‍ കാരണമെന്നും ഗോപാലസ്വാമി പറഞ്ഞു.

വെബ്ദുനിയ വായിക്കുക