മുബൈ സ്ഫോടന കേസില്‍ ബോളീവുഡ് താരം സഞ്ജയ് ദത്തിന് ടാഡ പ്രത്യേക കോടതി ആറുവര്‍ഷത്തെ കഠിന തടവ് വിധിച്ചു. ഇന്ത്യന്‍ സിനിമാരംഗം വിധിയെ ഞെട്ടലോടെയാണ് വീക്ഷിച്ചത്.
ഒരാഴ്ചക്കുള്ളില്‍ ദത്തിന് വിധിക്കെതിരെ അപ്പീല്‍ നല്‍കാം. തടവിനു പുറമെ ദത്ത് 25000 രൂപ പിഴയായും കെട്ടി വയ്ക്കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്.
ദത്ത് അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷയാണ് ജസ്റ്റിസ് പി ഡി കോഡ ചൊവ്വാഴ്ച വിധിച്ചത്. കൂട്ടുപ്രതികളില്‍ ഒരാളെ കോടതി വെറുതേവിട്ടു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കൂടിയ വിചാരണ പരമ്പരയായിരുന്നു മുംബൈ സ്ഫോടന പരമ്പര കേസിന്‍റേത്. ആയുധം കൈവശം വച്ചു എന്നതാണ് ദത്തിന്‍റെ പേരില്‍ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റം.
ദത്ത് ഉള്‍പ്പെടെ 100 പ്രതികളെയാണ് ടാഡാ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇവരില്‍ യാക്കൂബ് മേമന്‍ ഉള്‍പ്പെടെ 12 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു. ദത്ത് തീവ്രവാദിയല്ലെന്നും സ്ഫോടനം ആസൂത്രണം ചെയ്തതില്‍ പങ്കാളിയായിട്ടില്ലെന്നും ടാഡാ കോടതി വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് നല്ല നടപ്പിന് അനുവദിക്കണമെന്ന് ദത്ത് അപേക്ഷിച്ചത്. 1993 ഏപ്രില്‍ 19നാണ് ദത്ത് സ്ഫോടനക്കേസില്‍ അറസ്റ്റിലാവുന്നത്.
1993 ജനുവരി 16ന് അബുസലീമും സംഘാംഗങ്ങളും ദത്തിന്‍റെ വസതിയില്‍ പോയി അദ്ദേഹത്തിന് ആയുധങ്ങള്‍ നല്‍കി എന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. മൂന്ന് എ കെ 56 തോക്കുകളും 25 ഹാന്‍ഡ് ഗ്രനേഡുകളും ഒരു 9 എം എം തോക്കും നല്‍കി. ഇതില്‍ ഒരു എ കെ 56 തോക്ക് എടുത്തശേഷം ബാക്കിയെല്ലാം ദത്ത് മടക്കിനല്‍കി.
പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അന്ന് മൗറീഷ്യസില്‍ ഒരു സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ദത്ത് നല്‍കിയ നിര്‍ദ്ദേശപ്രകാരം എ കെ 56 തോക്ക് യൂസഫ് നല്ലാവഡെ, കേര്‍സി അഡ്ജാനിയ, റൂസി മുല്ല, അജയ് മര്‍വ എന്നിവര്‍ ചേര്‍ന്നു നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.