തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നില്ല; വീട്ടമ്മയെ മാനഭംഗപ്പെടുത്തി

വ്യാഴം, 19 ഏപ്രില്‍ 2012 (10:50 IST)
PTI
PTI
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാനഭംഗത്തിനിരയായ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പശ്ചിമ ബംഗാളില്‍ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ കാന്തിയിലാണ് ഒരു കൂട്ടം ഗുണ്ടകള്‍ ചേര്‍ന്ന് വീട്ടമ്മയെയും അവരുടെ കുടുംബാംഗങ്ങളെയും ആക്രമിച്ചത്. ഇതെ തുടര്‍ന്ന് വിഷം കഴിച്ച്‌ ആത്‌മഹത്യയ്ക്ക്‌ ശ്രമിച്ച വീട്ടമ്മ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

30-കാരിയായ സ്ത്രീയും അവരുടെ വീട്ടുകാരുമാണ് മാനഭംഗത്തിനും മര്‍ദ്ദനത്തിനും ഇരകളായത്. പ്രദേശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 21 ഗുണ്ടകളാണ് ആക്രമിച്ചതെന്ന് കാണിച്ച് വീട്ടമ്മയുടെ മകന്‍ ടൊതന്‍ ദാസ്‌ പൊലീസില്‍ പരാതി നല്‍കി.

കമ്മ്യൂണിസ്റ്റ് അനുഭാവിയായ വീട്ടമ്മയോടും കുടുംബത്തോടും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ചിലര്‍ രണ്ട് മാസമായി ആവശ്യപ്പെടുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗത്തില്‍ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളും പങ്കെടുക്കണമെന്ന് ഒരു സംഘം ഗുണ്ടകള്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്. അതിന്‌ തയ്യാറാക്കാത്തതിന്റെ പേരിലാണ് തിങ്കളാഴ്ച ഗുണ്ടകള്‍ വീട്ടമ്മയുടെ വസ്‌ത്രമുരിയുകയും കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തത്. വീട്ടമ്മയോട് ഇവര്‍ 50000 രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പ്രദേശത്തെ വ്യാജമദ്യ കേന്ദ്രങ്ങള്‍ പൂട്ടിക്കാനുള്ള സമരത്തിന് ഈ സ്ത്രീ നേതൃത്വം നല്‍കിയതും ആക്രമണത്തിന് കാരണമായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പരാതി നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് അലംഭാവം കാട്ടുകയാണ് എന്നും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

English Summary: A woman attempted suicide by consuming poison at Kanthi area of East Midnapore district on Monday after she was allegedly molested and beaten up by Trinamool Congress activists.

വെബ്ദുനിയ വായിക്കുക