തീവ്രവാദികള്‍ക്ക് രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ (ആര്‍എസ്‌എസ്) സ്ഥാനമില്ല എന്ന് മോഹന്‍ ഭാഗവത്. തീവ്രവാദികള്‍ സംഘം ഉപേക്ഷിച്ചു പോകണമെന്ന് എപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ആര്‍എസ്‌എസ് തലവന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് വോട്ടുബാങ്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊതുജന ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ആര്‍എസ്‌എസിനെ ഭീകര പ്രവര്‍ത്തനവുമായി മന:പൂര്‍വം ബന്ധിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. എന്നാല്‍, തീവ്രവാദ ചിന്താഗതിയുള്ളവരോട് പ്രസ്ഥാനം വിട്ടുപോകാനാണ് ആര്‍എസ്‌എസ് എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളത് എന്നും ഭാഗവത് പറഞ്ഞു.
അസീമാനന്ദയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കുറ്റസമ്മതം നടത്തിയത് എന്നും സിബിഐ മന:പൂര്‍വമാണ് കുറ്റസമ്മത വാര്‍ത്ത ചോര്‍ത്തിയതെന്നും ആര്‍എസ്‌എസ് ആരോപിച്ചിരുന്നു. സിബിഐയുടെ ഇത്തരം പ്രവര്‍ത്തനം കേസന്വേഷണത്തിലുള്ള വ്യഗ്രതയല്ല എന്നും സംഘടനകളെയും വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും സംഘടനാ വക്താവ് റാം മാധവ് കുറ്റപ്പെടുത്തി.
സിബിഐ ഒരിക്കല്‍ കൂടി ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍’ ആണെന്ന് തെളിയിച്ചിരിക്കുകയാണ് എന്നും റാം മാധവ് കുറ്റപ്പെടുത്തി.