തീര്‍ത്ഥാടനത്തിന് ഹിന്ദുക്കള്‍ക്കും സബ്സിഡി

ബുധന്‍, 16 മെയ് 2012 (11:36 IST)
PRO
PRO
ചൈനയിലുള്ള മാനസരോവര്‍, നേപ്പാളിലുള്ള മുക്തിനാഥ് തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കള്‍ക്ക് യാത്രച്ചെലവിന് സബ്സിഡി നല്‍‌കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഹജ്ജിന് പോകുന്ന മുസ്ലീങ്ങള്‍ക്ക് സബ്സിഡി നല്‍‌കുന്നത് പോലെ, ജെറുസലെം സന്ദര്‍ശിക്കുന്ന ക്രിസ്ത്യാനികള്‍ക്കും സബ്സിഡി ലഭിക്കുമെന്നും നിയമസഭയില്‍ ജയലളിത അറിയിച്ചു.

“ക്രിസ്താനികള്‍ ജെറുസലെം സന്ദര്‍ശിക്കാന്‍ പോകുന്നുവെങ്കിലും ഹിന്ദുക്കള്‍ ചൈനയിലുള്ള മാനസരോവര്‍, നേപ്പാളിലുള്ള മുക്തിനാഥ് തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍‌കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി ഹിന്ദുക്കള്‍ക്കുള്ള സബ്സിഡിയെ പറ്റിയുള്ള വിവരമാണ് ഞാനിപ്പോള്‍ നിയമസഭയെ അറിയിക്കുന്നത്. ”

“ചൈനയിലുള്ള മാനസരോവര്‍ തീര്‍ത്ഥയാത്രയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല്‍‌പതിനായിരം രൂപാ നല്‍‌കും. നേപ്പാളിലുള്ള മുക്തിനാഥ് സന്ദര്‍ശിക്കാന്‍ ഇരുപത്തിയയ്യായിരം രൂപയാകും. ഇതില്‍ പത്തായിരം രൂപ സര്‍ക്കാര്‍ വഹിക്കും. ഒരു വര്‍ഷത്തില്‍ 500 പേര്‍ക്കാണ് സര്‍ക്കാര്‍ സബ്സിഡി ലഭിക്കുക.”

“ജെറുസലെം തീര്‍ത്ഥാടന യാത്ര നടത്താന്‍ ആഗ്രഹിക്കുന്ന തമിഴ് ക്രിസ്ത്യാനികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍‌കുമെന്ന് ഇക്കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയില്‍ ഞാന്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഇതിനെ പറ്റി പഠിച്ച് വരികയാണ്. അടുത്ത പടിയായി ക്രിസ്ത്യാനികള്‍ക്കുള്ള സബ്സിഡി ഞാന്‍ അറിയിക്കും.”

നാട്ടിലുള്ള പട്ടിണിപ്പാവങ്ങളെ സഹായിക്കുന്നതിന് പകരമായി, തീര്‍ത്ഥാടനം പോകുന്ന ഭക്തര്‍ക്ക് പണം വാരിക്കോരി ചെലവഴിക്കുന്ന സര്‍ക്കാര്‍ പദ്ധതികളെ പറ്റി ഈയടുത്ത ദിവസം ഹിന്ദു ദിനപ്പത്രം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഹജ്ജും കുംഭമേളയും മാനസരോവര്‍ തീര്‍ത്ഥാടനവുമൊക്കെ നടത്താന്‍ ഭക്തരെ സഹായിച്ചുകൊണ്ട് മതവിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന നടപടികളില്‍ നിന്ന് ഒഴിഞ്ഞുനില്‍‌ക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നത് ഖേദകരമാണ്.

വെബ്ദുനിയ വായിക്കുക