താമര കാട്ടി മോഡി വിവാദത്തിലായി

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (11:24 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ഗുജറാത്തിലെ ഗാന്ധിനഗറില്‍ വോട്ട് ചെയ്ത ശേഷം തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടിയത് വിവാദമാകുന്നു. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാ ണ് മോഡി കൈയില്‍ താമര ചിഹ്നം ഉയര്‍ത്തിപ്പിടിച്ചത്. 
 
ചിഹ്നം ഉയര്‍ത്തിക്കാട്ടിയ നടപടി ചട്ടലംഘനമാണെന്ന് കാണിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ചിഹ്നം ഉയര്‍ത്തിക്കാട്ടിയതും പോളിംഗ് ബൂത്തിന് പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയ നടപടിയും ചട്ടലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
 
ഇതേസമയം മോഡി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പറഞ്ഞു. എല്‍കെ അദ്വാനി മത്സരിക്കുന്ന ഗാന്ധിനഗറില്‍ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയാണ് മോഡി താമര ഉയര്‍ത്തികാട്ടിയത്. തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. അദ്വാനിയുടെ മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്ന് മോഡി പറഞ്ഞു. സമാധാനപരമായി ആളുകള്‍ വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അമ്മയും മകനും നയിക്കുന്ന സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് മോദി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചെന്നും മോഡി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ നേതൃത്വത്തില്‍ സുസ്ഥിര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മോദി പറഞ്ഞു. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാനം കണ്ടെത്തുമെന്നും മോഡി കൂട്ടിചേര്‍ത്തു.