തമിഴ്നാട്ടില്‍ മുസ്ലീങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 3.5 ശതമാനം സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംവരണം ലഭിക്കുന്നതില്‍ ഇരു വിഭാഗങ്ങള്‍ക്കും ഉണ്ടായിട്ടുള്ള ചില ബുദ്ധിമുട്ടുകല്‍ പരിഹരിക്കുന്നതിനാണ് ഇത്.
ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സംവരണം നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഈ വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി എം കരുണാനിധി മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ എന്‍ വീരസ്വാമി, ദുരൈ മുരുഗന്‍, ഭരണവകുപ്പ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ കെ രാജന്‍, സംസ്ഥാന പബ്ലിക് സര്‍വിസ് കമ്മീഷന്‍ അദ്യക്ഷന്‍ എ എം കാശി വിശ്വനാഥന്‍ എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഈ യോഗത്തിന് ശേഷമാണ് മുസ്ലീങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും 3.5 ശതമാനം സംവരണം നല്‍കുന്നതിന് തീരുമാനമായത്. സംവരണം സംബന്ധിച്ച് ആദ്യം ഓര്‍ഡിനന്‍സ് ഇറക്കിയത് 2007 സെപ്തംബറിലായിരുന്നു. ഒരു മാസത്തിന് ശേഷം നിയമസഭയില്‍ അവതരിപ്പിച്ച് നിയമം പാസാക്കുകയുണ്ടായി.