ഡല്‍ഹി സുരക്ഷിതമല്ലെന്ന് ‘തിരിച്ചറിഞ്ഞു‘; മമത മടങ്ങി!
ബുധന്‍, 10 ഏപ്രില്‍ 2013 (14:18 IST)
PTI
PTI
ഡല്‍ഹി സുരക്ഷിതമല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമമന്ത്രി മമത ബാനര്‍ജി. മമതയ്ക്കും സംസ്ഥാന ധനമന്ത്രി അമിത് മിത്രയ്ക്കുമെതിരേ ഡല്‍ഹിയില്‍ ചൊവ്വാഴ്ച ഉണ്ടായ കയ്യേറ്റത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.
ഡല്‍ഹിയിലെ എല്ലാ പരിപാടികളും റദ്ദാക്കി ബുധനാഴ്ച തന്നെ താന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയാണെന്ന് മമത അറിയിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും തനിക്ക് അതിനോട് താല്പര്യം ഇല്ലെന്ന് മമത പറഞ്ഞു. ചൊവ്വാഴ്ച രാത്രി മുഴുവന്‍ തനിക്ക് ഓക്സിജന്‍ നല്‍കേണ്ടിവന്നു എന്നും അവര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കുന്നുണ്ട്. പക്ഷേ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് സിപിഎം ആണ്. സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മമത കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുമായി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കി മടങ്ങുന്നതില്‍ മമത ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആസൂത്രണകമ്മിഷന്‍ ഓഫിസിന് മുന്നില്‍ മമതയ്ക്കും മന്ത്രിയ്ക്കും നേരെ കയ്യേറ്റം നടന്നപ്പോള്‍ പൊലീസ് കാര്യമായി ഒന്നും ചെയ്തില്ലെന്നും മമത കുറ്റപ്പെടുത്തി.
സംഭവത്തില്‍ മമതയോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഖേദം പ്രകടിപ്പിച്ചു. മമതയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ഖേദം അറിയിച്ചത്. ബംഗാളില്‍ എസ്എഫ്‌ഐ നേതാവ് കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മമതയെയും അമിത് മിത്രയെയും കയ്യേറ്റം ചെയ്തത്. ഡല്‍ഹിയില്‍ ആസൂത്രണ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മമതയും ധനമന്ത്രി അമിത് മിത്രയും.