ഡല്‍ഹി കൂട്ട ബലാത്സംഗം: വിധിയില്‍ രാജ്യമാകെ ആഹ്ലാദപ്രകടനം

വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (15:11 IST)
PRO
ഇന്ത്യ കാത്തിരുന്ന വിധിയാണിത്. നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയെ ബസിനുള്ളില്‍ പിച്ചിച്ചീന്തി മരണത്തിലേക്ക് വലിച്ചെറിഞ്ഞ ക്രൂരതയ്ക്ക് മരണശിക്ഷ തന്നെ ലഭിച്ചു. ഡല്‍ഹി കൂട്ട മാനഭംഗക്കേസിലെ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതോടെ രാജ്യമാകെ ആഹ്ലാദപ്രകടനം നടക്കുകയാണ്. ഡല്‍ഹിയില്‍ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിലാണ് ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നത്.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടിക്ക് വേണ്ടി വാദിച്ച അഭിഭാഷകര്‍ക്കും നന്ദി വിളിച്ചുപറഞ്ഞുകൊണ്ടുള്ള പ്രകടനങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ആയിരക്കണക്കിന് വനിതകളാണ് പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന് ലഭിച്ച നീതിയാണിതെന്ന് പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍ പറയുന്നു. മാതൃകാപരമായ വിധിയെന്ന് ഏവരും പ്രതികരിച്ചു.

വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പ്രതികരിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവര്‍ക്കുള്ള താക്കീതാണ് ഈ വിധിയെന്നും ഷിന്‍ഡെ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിലും ഒട്ടേറെ ഐ ടി സ്ഥാപനങ്ങളിലെ ജോലിക്കാര്‍ ഒത്തുചേര്‍ന്ന് ആഹ്ലാദം പങ്കുവച്ചു. ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജോലിക്കാരും ആഹ്ലാദമറിയിച്ച് മാധ്യമങ്ങളോട് സംസാരിച്ചു.

അതേസമയം, കേസില്‍ ഉന്നത കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഇംഗിതമനുസരിച്ചുള്ള വിധിയാണിതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആരോപിച്ചു. പ്രായവും പ്രതികളുടെ മാതാപിതാക്കളുടെ ആരോഗ്യനിലയും കണക്കിലെടുത്ത് പ്രതികള്‍ക്ക് ജീവപര്യന്തം മാത്രം നല്‍കിയാല്‍ മതിയെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രതിഭാഗത്തിന്‍റെ എല്ലാ വാദങ്ങളും യോഗേഷ് ഖന്ന ജഡ്ജായിട്ടുള്ള പ്രത്യേക കോടതി തള്ളിക്കളയുകയായിരുന്നു.

നാലു പ്രതികളും കുറ്റക്കാരാണെന്ന് സാകേതിലെ അതിവേഗ കോടതി മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഏഴ് മാസമെടുത്താണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പെണ്‍കുട്ടിയുടെ മരണമൊഴി കേസില്‍ നിര്‍ണായകമായി. മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നീ പ്രതികള്‍ ഒരേ പോലെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി രാംസിംഗ് നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.

പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് നല്‍കിയത്. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. ഇവര്‍ക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം ഉള്‍പ്പടെ പതിമൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ബസില്‍ വച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

വെബ്ദുനിയ വായിക്കുക