ഡല്‍ഹി കൂട്ടമാനഭംഗം: മുഖ്യപ്രതി മരിച്ച നിലയില്‍

തിങ്കള്‍, 11 മാര്‍ച്ച് 2013 (09:12 IST)
PTI
PTI
ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി മരിക്കാനിടയായ കേസിലെ മുഖ്യപ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി രാംസിംഗ് ആണ് മരിച്ചത്. തിഹാര്‍ ജയിലില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാനഭംഗം നടന്ന ബസിന്റെ ഡ്രൈവര്‍ ആയിരുന്നു രാം സിംഗ്.

മൃതദേഹം ദീന്‍‌ദയാല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തേക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. രാംസിംഗ് സ്വന്തം വസ്ത്രം ഉപയോഗിച്ചു തൂങ്ങിമരിക്കുകയായിരുന്നു എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കൂട്ടമാനഭംഗക്കേസിലെ പ്രതികളെ ജയിലില്‍ എത്തിച്ചപ്പോള്‍ സഹതടവുകാര്‍ ആക്രമിച്ചിരുന്നു. ഇതെ തുടര്‍ന്ന് ഈ പ്രതികള്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതി എങ്ങനെ ജീവനൊടുക്കി എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ഡിസംബര്‍ 16ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ കൂട്ടമാനഭംഗം നടന്നത്. മാനഭംഗത്തിന് ഇരായായ 23കാരിയായ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. രാം സിംഗിന് പുറമെ ഇയാളുടെ സഹോദരന്‍ മുകേഷ്‌, കൂട്ടാളികളായ പവന്‍ ഗുപ്‌ത, വിനയ്‌ ശര്‍മ, അക്ഷയ്‌ ഠാക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സാകേതിലെ അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരികയാണ്.

വെബ്ദുനിയ വായിക്കുക