ഡല്‍ഹി കൂട്ടബലാത്സംഗം: കുട്ടിക്കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് ഇരയുടെ മാതാപിതാക്കള്‍

Webdunia
ശനി, 30 നവം‌ബര്‍ 2013 (17:31 IST)
PRO
PRO
ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരേ നിര്‍ഭയയുടെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. കേസില്‍ 17 കാരനായ കുട്ടിക്കുറ്റവാളിയെ ജുവനൈല്‍ ജസ്‌റ്റീസ്‌ ബോര്‍ഡിന്‌ മുമ്പാകെ നടന്ന വിചാരണയെ വെല്ലുവിളിച്ചുകൊണ്ടും എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുമാണ്‌ പരമോന്നത കോടതിയെ സമീപിക്കുന്നത്‌. നേരത്തേ ഈ കേസിലെ നാലു പ്രതികളും വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇന്ത്യയെ നടുക്കിയ സംഭവം.

സംഭവത്തിലെ ഏറ്റവും ക്രൂരനായ വ്യക്‌തിത്വമായി വിശേഷിപ്പിക്കപ്പെട്ട 17 കാരന്റെ വിചാരണ നടന്നത്‌ ജുവനൈല്‍ ജസ്‌റ്റീസ്‌ ബോര്‍ഡിന്‌ മുമ്പാകെയാണ്‌. ഇയാള്‍ക്ക്‌ പരമാവധി ലഭിക്കുന്ന ശിക്ഷ മൂന്ന്‌ വര്‍ഷത്തെ തടവ്‌ മാത്രമാണ്‌. എന്നാല്‍ ഈ വിചാരണ പുന: പരിശോധിക്കണമെന്നും വിചാരണ ക്രിമിനല്‍ കോടതിയില്‍ നടത്തണമെന്നുമാണ്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം.

ഹര്‍ജി ജസ്‌റ്റിസ്‌ എച്ച്‌ എല്‍ ദത്തു തലവനായുള്ള ബഞ്ച്‌ തിങ്കളാഴ്‌ച കേള്‍ക്കും. സംഭവത്തില്‍ ഏറ്റവും ക്രൂരത കാട്ടിയ ആള്‍ക്ക്‌ വളരെ ചെറിയ ശിക്ഷ മാത്രമാണ്‌ ലഭിച്ചത്‌ എന്നതില്‍ തങ്ങള്‍ക്കുള്ള അതൃപ്‌തി ഡല്‍ഹി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ പ്രകടമാക്കിയിട്ടുണ്ട്‌. കേസില്‍ ആറു പേരൊയിരുന്നു പ്രതികള്‍. എന്നാല്‍ ഇവരില്‍ ഒരാള്‍ വിചാരണയ്‌ക്കിടെ ആത്മഹത്യ ചെയ്‌തിരുന്നു.