ഡല്‍ഹി കൂട്ടബലാത്സംഗം അരങ്ങേറിയ ബസ് നിരത്തിലിറക്കണമെന്ന് ആവശ്യം
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (11:30 IST)
PTI
PTI
രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗം അരങ്ങേറിയ ബസ് വീണ്ടും നിരത്തിലിറക്കണമെന്ന് ബസ് ഉടമയുടെ ആവശ്യം. ബസിന്റെ രജിസ്‌ട്രേഷനു വേണ്ടി വ്യാജരേഖ ചമച്ചതിന് ജയിലില്‍ കഴിയുന്ന ബസുടമ ദിനേശ് യാദവിന്റെ കുടുംബമാണ് നിത്യവൃത്തിക്കു വേണ്ടി ബസ് വീണ്ടും നിരത്തിലിറക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
യാദവ് ട്രാവല്‍സ് എന്ന വെള്ളനിറത്തിലുള്ള ബസ് ഇപ്പോള്‍ ദക്ഷിണ ഡല്‍ഹിയിലെ സാകേത് പോലീസിന്റെ കസ്റ്റഡിയിലാണ്. ദിനേശ് യാദവിന്റെ ഭാര്യയുടെയും മക്കളുടെയും ചെലവുകള്‍ കഴിയുന്നതിന് വേണ്ടി ബസ് വീണ്ടും നിരത്തിലിറക്കണമെന്ന് ദിനേശിന്റെ അമ്മാവന്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ അവസാനിച്ച സ്ഥിതിക്ക് ബസ് തിരികെ കിട്ടുന്നതിന് കോടതിയെ സമീപിക്കുമെന്ന് ദിനേശിന്റെ ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് 23കാരിയായ പെണ്‍കുട്ടി ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. ബസ് ജീവനക്കാരടക്കം ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ മൃഗീയ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 13 ദിവസത്തെ ജീവന്‍മരണ പോരാട്ടത്തിന് ശേഷം ഡിസംബര്‍ 29ന് സിംഗപ്പൂരില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
ബലാത്സംഗം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളില്‍ നാലുപേര്‍ താമസിച്ചിരുന്ന ആര്‍ കെ പുരത്ത് നിന്നാണ് പൊലീസ് ഡിഎല്‍ 1പിസി 0149 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള ബസ് പിടിച്ചെടുത്തത്.11 ബസുകളുടെ ഉടമായായ ദിനേശിനെ ബസ് രജിസ്‌ട്രേഷനു വേണ്ടി വ്യാജരേഖകള്‍ ചമച്ച കേസില്‍ ജനുവരി 2നാണ് പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദിനേശിനെതിരെ ചുമത്തിയിരിക്കുന്നത്. രജിസ്‌ട്രേഷനു വേണ്ടി വ്യാജ വിലാസങ്ങള്‍ നല്‍കിയതു മൂലം 11 ബസുകളും പോലീസ് കണ്ടുകെട്ടിയിരിക്കുകയാണ്. കേസില്‍ പ്രതികളായ നാലുപേര്‍ക്ക് അടുത്തിടെയാണ് ഡല്‍ഹി സാകേത് കോടതി വധശിക്ഷ വിധിച്ചത്. ബസിന്റെ ഡ്രൈവറായ രാംസിംഗ് തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചു.